paliya

കുറുപ്പംപടി: കലോത്സവത്തിലെ പുതിയ ഇനമായ പളിയ നൃത്തം രണ്ടേരണ്ടു ദിവസം കൊണ്ട് പഠിച്ചെടുത്ത മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ് അനായാസമായി തിരുവനന്തപുരത്തേക്ക്. തേക്കടിക്കടുത്തുള്ള പളിയക്കുടി നിവാസിയായ അഞ്ജലി ലാലുവാണ് 12 അംഗ സംഘത്തെ സബ് ജില്ലാ കലോത്സവത്തിന് രണ്ടുനാൾ കൊണ്ട് പളിയനൃത്തം പഠിപ്പിച്ചെടുത്തത്. പിന്നീട് ജില്ലാ കലോത്സവത്തിന്റെ മത്സരത്തലേന്ന് മാത്രമാണ് ടീം പരിശീലനം നടത്തിയത്.

യൂട്യൂബ് ഗുരു!

എച്ച്.എസ് വിഭാഗം പളിയ നൃത്തത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വീട്ടൂർ എബനേസർ സ്‌കൂളടക്കം മിക്ക ടീമുകളുടെയും ഗുരു യുട്യൂബായിരുന്നു. നാല് ടീം മാറ്റുരച്ച മത്സരത്തിൽ എല്ലാവരും എ ഗ്രേഡ് നേടി. ഇടുക്കി കുമളിയിൽ അധിവസിക്കുന്ന പളിയർ ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപമാണിത്. പളിയക്കുടിയിലെ ഉത്സവത്തോടനുബന്ധിച്ച് നോമ്പുനോറ്റാണ് നൃത്തം ചെയ്യുക. മത്സരത്തിന് 15 മിനിറ്റും ടീമിൽ 12 അംഗങ്ങളുമാണെങ്കിൽ യഥാർത്ഥത്തിൽ ഒരു മണിക്കൂറും 22 പേരുമുണ്ടാകും. മുഴക്കമുള്ള ജമ്പ, ഡ്രമ്മിനു സമാനമായ നകാര, ദാൽറ, മുളവാദ്യം, ചിലങ്ക എന്നിവയാണ് വാദ്യങ്ങൾ. ഇഞ്ചമരത്തിന്റെ തോല് ഉപയോഗിച്ചുള്ള അരക്കെട്ടും അതിനു പുറത്തുള്ള മുരിക്കിന്റെ മുത്തുകെട്ടും തലയിൽ തൂവലുമാണ് പ്രധാന വേഷവിധാനം.