
കൊച്ചി: സംസ്ഥാന സർക്കാരിന്റെ വിവാദമായ സ്‌പ്രിൻഗ്ലർ ഡാറ്റാ ഇടപാടിനെ ചോദ്യം ചെയ്യുന്ന എല്ലാ പൊതുതാത്പര്യ ഹർജികളും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് ഫെബ്രുവരിയിൽ അന്തിമവാദത്തിനു മാറ്റി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമാണ് ഹർജിക്കാർ. കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവരുടെയും വ്യക്തിഗതവിവരങ്ങൾ ശേഖരിച്ച് അമേരിക്ക ആസ്ഥാനമായ സ്‌പ്രിൻഗ്ലർ കമ്പനിക്ക് കൈമാറിയ സർക്കാർ നടപടിയാണ് കേസിനാധാരം. ഡാറ്റ ചോർച്ചകൊണ്ട് ഉടമകൾക്കുണ്ടായ നഷ്ടം സർക്കാർ പരിഹരിക്കണമെന്നാണ് ഹർജികളിലെ പ്രധാന ആവശ്യം. സ്‌പ്രിൻഗ്ലർ കരാർ ഒപ്പിടുന്നതിന് ഉത്തരവാദികളായ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിൽ നിന്നും നഷ്ടപരിഹാരത്തുക വസൂലാക്കണമെന്ന ആവശ്യവും രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്.