കൊച്ചി: കേരളത്തിൽ നിന്ന് കൂടുതൽ വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ അനുവദിക്കുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഹൈബി ഈഡൻ എം.പിയെ അറിയിച്ചു. റെയിൽവേ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിനായി കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കുക, എറണാകുളം - ബംഗളുരു വന്ദേ ഭാരത് ട്രെയിൻ സർവീസ് പുനരാരംഭിക്കുക, എറണാകുളം - ബംഗളൂരു വന്ദേഭാരത് രാത്രി സർവീസാക്കുക, 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ ഉപയോഗിക്കുക, എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ നടന്നു വരുന്ന നവീകരണ പദ്ധതികളുടെ വേഗം കൂട്ടുക, എറണാകുളം മാർഷലിംഗ് യാർഡിൽ ടെർമിനൽ വികസനം, എറണാകുളം-തുറവൂർ തീരദേശ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കൽ, എറണാകുളം-ഷൊർണൂർ മൂന്നാം പാത സംബന്ധിച്ച നടപടികൾ വേഗത്തിലാക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹൈബി ഈഡൻ മന്ത്രിയെ സന്ദർശിച്ചത്.
എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിലെ പുനർ വികസന പദ്ധതികളുടെ പുരോഗതി കേന്ദ്രമന്ത്രി തലത്തിൽ വിലയിരുത്തുമെന്ന് മന്ത്രി അറിയിച്ചു.