
കൊച്ചി: കേരള സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു) താത്കാലിക വൈസ്ചാൻസലറായി പ്രൊഫ.കെ. ശിവപ്രസാദിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സ്റ്റേ വേണമെന്ന ഇടക്കാല ആവശ്യവുമായി സർക്കാരാണ് ഹർജി നൽകിയത്. സർവകലാശാലയിൽ വൈസ്ചാൻസലർ ഇല്ലാത്ത സ്ഥിതി ആശാസ്യമല്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വിലയിരുത്തി.
സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രൊഫ. ശിവപ്രസാദിനടക്കം നോട്ടീസ് അയച്ചു. വി.സി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണമെന്ന ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ വാദം. അതിനാൽ താത്കാലിക വി.സിയെ നിയമിച്ച് ചാൻസലർ കൂടിയായ ഗവർണർ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയ സർക്കാർ നടപടി റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിൽ, വി.സി നിയമനത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ചാൻസലർ സർക്കാർ വാദത്തെ എതിർക്കുന്നത്. ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
ഡിജിറ്റൽ സർവകലാശാലാ വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ചാൻസലറുടെ നടപടിയെ ചോദ്യം ചെയ്ത് സർക്കാരിന്റെ മറ്റൊരു അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ എത്തിയേക്കും.
വി.സി നിയമനത്തിന്
അധികാരമുണ്ട്:
ഗവർണർ
തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനം നടത്താൻ തനിക്ക് പൂർണ അധികാരമുണ്ട്. സംശയമുള്ളവർക്ക് വിധി വായിച്ചുനോക്കാം. ഹൈക്കോടതി വിധിക്കായി ഒരു മാസം കാത്തിരുന്നു. അതിനു ശേഷമാണ് നിയമനം നടത്തിയത്. തന്റെ അധികാര പരിധിയിൽ നിന്നാണ് കാര്യങ്ങൾ ചെയ്യുന്നത്. കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ കാര്യത്തിലും സമാനമായ വിധിയാണുണ്ടായത്. മന്ത്രിയുമായി ഇക്കാര്യത്തിൽ തർക്കിക്കാനില്ല. സർക്കാരിന് എതിരഭിപ്രായമുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെ.
താത്കാലിക വി.സിമാർ ചുമതലയേറ്റു
തിരുവനന്തപുരം: താത്കാലിക വൈസ്ചാൻസലർമാരായി ഗവർണർ നിയമിച്ച പ്രൊഫ. സിസാതോമസ് (ഡിജിറ്റൽ സർവകലാശാല), ഡോ.കെ.ശിവപ്രസാദ് (സാങ്കേതിക സർവകലാശാല) എന്നിവർ ഇന്നലെ ചുമതലയേറ്റു. സാങ്കേതിക സർവകലാശാലയിൽ ഡോ.ശിവപ്രസാദ് ചുമതലയേൽക്കാനെത്തിയപ്പോൾ ഒരു സംഘം വിദ്യാർത്ഥികളും ജീവനക്കാരും പ്രതിഷേധിച്ചു. രാവിലെ പത്തിന് ചുമതലയേൽക്കാനെത്തിയപ്പോൾ ഇരുപതോളം വിദ്യാർത്ഥികളും ജീവനക്കാരുടെ സംഘടനകളും പ്രകടനമായെത്തി. കഴക്കൂട്ടം അസി.കമ്മിഷണർ നിയാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
പൊലീസ് വലയത്തിൽ വി.സി ഓഫീസിലെത്തി ചുമതലയേറ്റു. ഓഫീസിനു മുന്നിൽ പ്രതിഷേധക്കാർ കൂട്ടമായെത്തി മുദ്രാവാക്യം വിളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് വി.സി ഓഫീസിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ പ്രതിഷേധം കനത്തു. പ്രതിഷേധക്കാർ വി.സിയുടെ വാഹനത്തിൽ അടിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് അദ്ദേഹത്തിന് വലയം തീർത്തു. പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം, ഡിജിറ്റൽ സർവകലാശാലയിൽ വി.സി ചുമതലയേൽക്കുമ്പോൾ പ്രതിഷേധങ്ങളുണ്ടായിരുന്നില്ല. ജീവനക്കാർ കൂട്ടമായെത്തി സിസയെ സ്വീകരിച്ചു.