soubin-shahir

കൊച്ചി: നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സിനിമാ നിർമ്മാണ, വിതരണ സ്ഥാപനങ്ങളിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. സിനിമാ നിർമ്മാണത്തിനുള്ള പണത്തിന്റെ സ്രോതസ്, പണമിടപാടുകൾ എന്നിവ പരിശോധിച്ചു.

നിർമ്മാണ സ്ഥാപനമായ എസ്.ആർ.എം റോഡിലെ പറവ ഫിലിംസ്, വിതരണ സ്ഥാപനമായ പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവയുടെ ഓഫീസുകളിലടക്കം ഇന്നലെ ഉച്ചയ്ക്കുശേഷം ആരംഭിച്ച റെയ്ഡ് രാത്രി വെെകിയും തുടർന്നു.

നികുതി റിട്ടേണിലെ അവ്യക്തത, കണക്കുകൾ മറച്ചുവയ്‌ക്കൽ എന്നിവ സംബന്ധിച്ച വിവരങ്ങളെ തുടർന്നാണ് റെയ്ഡ് എന്നാണ് വിവരം. പറവ ഫിലിംസ് നിർമ്മിച്ച 'മഞ്ഞുമ്മൽ ബോയ്സു'മായി ബന്ധപ്പെട്ടുയർന്ന പരാതിയുടെ തുടർച്ചയായാണ് റെയ്ഡെന്നും സൂചനയുണ്ട്.

മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാണത്തിന് നൽകിയ ഏഴു കോടി രൂപയും ലാഭവിഹിതവും തിരിച്ചുനൽകിയില്ലെന്ന് അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകിയിരുന്നു. 40 ശതമാനം ലാഭവിഹിതമുൾപ്പെടെ വാഗ്ദാനം ചെയ്‌തതിനാലാണ് തുക നൽകിയത്. സിനിമ വൻവിജയം നേടിയെങ്കിലും തനിക്ക് ഒരുരൂപ പോലും നൽകിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സിനിമാ നിർമ്മാണത്തിന് കള്ളപ്പണം വിനിയോഗിച്ചെന്ന സംശയത്തിൽ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. സൗബിനെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.