d

ആലുവ: ജില്ലാ ആശുപത്രിയിലേക്ക് പോകും വഴി ഒഡീഷ സ്വദേശി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. പുൽവാനി ഗുഗുർമഹ കൊട്ടാകൊട തുവാഗുഡവീട്ടിൽ ലിബിയുടെ ഭാര്യ റെസ്‌മിയാണ് (32) ഓട്ടോറിക്ഷയിൽ പെൺകുട്ടിക്ക് ജന്മം നൽകിയത്.

ഇന്നലെ രാവിലെ ആറോടെയാണ് അങ്കമാലിയിലെ വാടകവീട്ടിൽ നിന്ന് ലിബിയും ഭാര്യയും മൂത്തമകനും പതിവ് പരിശോധനയ്ക്ക് ആലുവ ജില്ലാ ആശുപത്രിയിലേക്ക് ഓട്ടോയിൽ പോയത്. മംഗലപ്പുഴ പാലം കടന്നപ്പോൾ പ്രസവ വേദനയെത്തുടർന്ന് ഓട്ടോ നിറുത്തി. ദേശീയപാതയോരത്ത് സെമിനാരിപ്പടിയിൽ 6.40 ഓടെ പ്രസവിച്ചു. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പൊക്കിൾക്കൊടി വേർപെടുത്തി. കുഞ്ഞിനെ ന്യൂബോൺ ഐ.സി.യുവിലേക്കും അമ്മയെ നിരീക്ഷണമുറിയിലേക്കും മാറ്റി.