dog-vaccination-

പിറവം: പിറവം നഗരസഭാ പ്രദേശത്ത് തെരുവുനായ്ക്കൾക്ക് പേവിഷ ബാധയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങി. തെരുവുനായ്ക്കൾ പെറ്റുപെരുകുന്നത് തടയാനുള്ള എ.ബി.സി. പദ്ധതി നടപ്പാക്കാനിരിക്കെയാണ് ഇത്. പിറവം ടൗണിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. വെറ്ററിനറി സർജൻ ഡോ. അലീന രാജന്റെ നേതൃത്വത്തിൽ നായപിടിത്തക്കാരുടെ സംഘം പുലർച്ചെ അഞ്ചരയോടെ ടൗണിൽ ഇറങ്ങിയാണ് നായ്ക്കളെ വലയിട്ടുപിടിച്ച് പ്രതിരോധമരുന്ന് കുത്തിവെച്ചത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ പി. ഗിരീഷ് കുമാർ, രാജു പാണാലിക്കൽ, ജോജിമോൻ ചാരുപ്ലാവിൽ, നഗരസഭാ ക്ലീൻസിറ്റി മാനേജർ സി. നാസർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. സിജു, അരുൺ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം പിറവത്തു പല ഭാഗങ്ങളിലായി നായ്ക്കളെ പിടികൂടി കുത്തിവയ്പ് നടത്തി. 65 നായകൾക്ക് കുത്തിവയ്പ് നൽകി.