കുറുപ്പംപടി: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ അരങ്ങിൽ ചവിട്ടുനാടകം പൊടിപാറുമ്പോൾ ചിന്തയിലാണ്ട് സദസിൽ നിൽക്കുകയായിരുന്നു പറവൂർ ഗോതുരുത്ത് സ്വദേശി ഋതുൽ റോയ്. എത്രയോ വേദികളിൽ രാജ്ഞിയായും മാലാഖയായുമൊക്കെ അരങ്ങേറിയ കുഞ്ഞുപെങ്ങൾ ആൻ റിഫ്റ്റ ഒപ്പമില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ ഋതുലിന് കഴിയുന്നില്ല.
ചവിട്ടുനാടക കലാകാരിയും പരിശീലകയുമായിരുന്ന ആൻ റിഫ്റ്റയുടെ ഓർമ്മദിനത്തിന്റെ മൂന്നാം നാളായിരുന്നു ഇന്നലെ. മൂന്ന് സ്കൂൾ ടീമുകളുടെ പരിശീലകനായാണ് ഋതുൽ കലോത്സവ വേദിയിൽ എത്തിയത്.
ചെറുപ്രായത്തിൽ ചവിട്ടുനാടക കളരിയിലെത്തിയ ആൻ റിഫ്റ്റയെ 20-ാം വയസിൽ കുസാറ്റ് ക്യാമ്പസിലെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ടാണ് കുടുംബത്തിന് നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 25നായിരുന്നു ദുരന്തം. ചിരിച്ചുകളിച്ച് കോളേജിലേക്ക് പോയ ആൻ റിഫ്റ്റയുടെ മരണം അച്ഛൻ ചവിട്ടു നാടക ആശാനായ കോണത്ത് വീട്ടിൽ റോയ് ജോർജ്കുട്ടിക്കും ഋതുലിനും കുടുംബത്തിനാകെയും താങ്ങാൻ കഴിയാത്തതായിരുന്നു.
അങ്കമാലി ഡി പോൾ സ്കൂളിന്റെ രണ്ടു ടീമും ആലുവ വിദ്യാധിരാജ സ്കൂളിന്റെ ഒരു ടീമും ഋതുലിന്റെ പരിശീലനത്തിലാണ് അരങ്ങിലെത്തിയത്.
റോയ് ജോർജ് കുട്ടിക്കും കുടുംബത്തിനും ചവിട്ടുനാടകവുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. അങ്ങനെയാണ് ആൻ റിഫ്റ്റ ഒന്നര വയസിൽ ചവിട്ടുനാടക വേദിയിൽ എത്തിയത്.