
ആലുവ: പ്രശസ്ത ശില്പിയും ചിത്രകാരനുമായ ബാലചന്ദ്രൻ മുപ്പത്തടം (69) നിര്യാതനായി. ഉദര സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. സംസ്കാരം എടയാർ ശാന്തിതീരം ശ്മശാനത്തിൽ നടന്നു.
നിരവധി ക്ഷേത്രങ്ങളിൽ ചുമർച്ചിത്ര രചന നടത്തിയിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കിനു മുന്നിലെ 'മോചനം" ശില്പം, ആലുവ മണപ്പുറം കുളിക്കടവിൽ സ്ഥാപിച്ചിട്ടുള്ള കവി ശിവൻ മുപ്പത്തടത്തിന്റെ 'എന്റെ മക്കളേ!" എന്ന കവിതയുടെ ശില്പാവിഷ്ക്കാരമായ 'അമ്മ" ശില്പം തുടങ്ങിയവ അദ്ദേഹത്തിന്റെ കരവിരുതിൽ വിരിഞ്ഞതാണ്. മുപ്പത്തടം ചന്ദ്രശേഖരപുരം ശിവക്ഷേത്രം 2015ൽ 'ചന്ദ്രശേഖരപുരത്തപ്പൻ പുരസ്കാരം" നൽകി ആദരിച്ചു. തായിക്കാട്ടുകര സ്റ്റാൻഡേർഡ് പോട്ടറീസിൽ ക്രോക്കറി ഡിസൈനറായിരുന്നു.
മുപ്പത്തടം കണ്യാടത്ത് വീട്ടിൽ കൃഷ്ണൻ നായരുടെയും പീച്ചംകുറിച്ചി വീട്ടിൽ ജാനകിയമ്മയുടെയും മകനാണ്.
ഭാര്യ വിജയലക്ഷ്മി. മകൻ: ശ്രീജിത്ത് (എറണാകുളം ജി.എസ്.ടി ഡിപ്പാർട്ട്മെന്റിൽ അസി. സെയിൽസ് ടാക്സ് ഓഫീസർ). മരുമകൾ: അഞ്ജലി.