കോലഞ്ചേരി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മംഗലത്തുനട കുറ്റിപ്പിള്ളി വരാപ്പിള്ളി പ്രസാദ്കുമാർ (47) മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെ മംഗലത്തുനട കുറ്റിപ്പിള്ളിക്കടുത്തായിരുന്നു കേസിനാസ്പദമായ സംഭവം. ചെറുകിട തടിവ്യാപാരിയായ പ്രസാദിന്റെ പണിക്കാരനായെത്തിയ തൊടുപുഴ മഞ്ഞള്ളൂർ മടക്കത്താനം വടക്കേത്തറ ലിവിൻ ബെന്നിയാണ് (40) കോടാലികൊണ്ട് പ്രസാദ്കുമാറിന്റെ തലയ്ക്കടിച്ചത്. സംഭവത്തിന് ഒരാഴ്ചമുമ്പ് ജയിലിൽ നിന്നിറങ്ങിയ ലിവിൻ പ്രസാദിന്റെ പണിക്കാരനായി രണ്ടുദിവസം മുമ്പാണ് എത്തിയത്. പ്രസാദിന്റെ കൈവശം പണമുണ്ടെന്ന് മനസിലാക്കി മദ്യപാനത്തിനൊടുവിൽ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തിങ്കളാഴ്ച രാത്രി 8.30 ഓടെ കുറ്റിപ്പിള്ളി ഭാഗത്ത് ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്തിയ നാട്ടുകാർ ചോദ്യംചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇയാളെ പിന്നീട് കുന്നത്തുനാട് പൊലീസിന് കൈമാറി. കൃത്യം നടന്ന പ്രസാദിന്റെ വീട്ടിൽ ലിവിനുമായെത്തിപ്പോഴാണ് ഗുരുതരാവസ്ഥയിൽ പ്രസാദിനെ കണ്ടെത്തുന്നത്. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു.
ഇവരോടൊപ്പം മദ്യപിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട നോർത്ത് മഴുവന്നൂർ മുക്കോട്ടുതറ വാരിക്കാട്ടിൽ ഷിജു (പങ്കൻ ഷിജു 43), രായമംഗലം പുല്ലുവഴി തൊഴുവാങ്കൽ ജിബി ആന്റണി (47) എന്നിവരെയും അറസ്റ്റുചെയ്തു. കേസന്വേഷണത്തിന് കുന്നത്തുനാട് എസ്.എച്ച്.ഒ വി.കെ. ശശികുമാർ നേതൃത്വം നൽകി.