കൊച്ചി: കാൽനടക്കാരിയായ വൃദ്ധയുടെ സ്വർണമാലപൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച യുവാവ് പിടിയിലായി. ഇടപ്പള്ളി സ്വദേശിയായ രാജേഷാണ് (38) അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ ബ്രഹ്മപുരം റോഡിന് സമീപമായിരുന്നു സംഭവം. കരിമുകൾ സ്വദേശിനിയായ വൃദ്ധ റോഡിലൂടെ മേച്ചിറപ്പാട്ട് ഭാഗത്തുള്ള വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. അരമണിക്കൂറിനുള്ളിൽ അമ്പലമേട് പൊലീസ് പ്രതിയെ പിടികൂടി.
രാജേഷ് ബി. ടെക് ബിരുദദാരിയാണ്. ഓൺലൈൻ ട്രേഡിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എസ്.ഐമാരായ എയ്ൻ ബാബു, ജോസഫ്, അരുൺ, സീനിയർ സി.പി.ഒമാരായ സോണി, അൻസാർ, പ്രഭലാൽ, സി.പി.ഒമാരായ ഷിജുമോൻ, സി.എസ് സുമേഷ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.