കൊച്ചി: പ്രശസ്തമായ കൃതിയെ വയനാട് ദുരന്തവുമായി വരെ ബന്ധിപ്പിച്ച് അരങ്ങിലെത്തിച്ച നാടകത്തിൽ രാജാവായി വേഷമിട്ട് മികച്ച നടിയായി എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസിലെ പത്താംക്ലാസുകാരി പാർവതി നന്ദ. റോബർട്ട് ബ്രൗണിംഗിന്റെ ദ പൈഡ് പൈപ്പർ ഒഫ് ഹാംലെയിൻ എന്ന കൃതിയാണ് സംഘം ആക്ഷേപഹാസ്യം കലർത്തി രംഗത്തെത്തിച്ചത്. ഹൈസ്‌കൂൾ വിഭാഗം മലയാള നാടക മത്സരമായിരുന്നു വേദി. ഈ നാടകത്തിന്റെ ആദ്യന്തം പാർവതിയുണ്ടായിരുന്നു. മണ്ടത്തരങ്ങളേറെയുള്ള രാജാവായും സ്‌കൂൾ അദ്ധ്യാപകനായും രണ്ട് ആൺവേഷങ്ങളിൽ പാർവതി അരങ്ങ് തകർത്തു. അക്കൗണ്ടന്റുമാരായ വിനോദ് കൃഷ്ണൻ, പ്രിയ വിനോദ് എന്നിവരുടെ മൂത്തമകളാണ് പാർവതി നന്ദ. അനുജത്തി അശ്വതി നന്ദ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയാണ്.