കാക്കനാട്: അമിത യാത്രക്കൂലി വാങ്ങിയ ഓട്ടോ ഡ്രൈവർക്കെതിരെ മന്ത്രി കെ.ബി. ഗണേശ്‌കുമാറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചു. വൈപ്പിനിൽനിന്ന് പാലാരിവട്ടത്തേക്ക് ഓട്ടംവിളിച്ച യാത്രക്കാരനിൽ നിന്ന് 420രൂപ കൂലി ആവശ്യപ്പെട്ടെന്നാണ് മന്ത്രിക്ക് ഓൺലൈനിൽ നൽകിയ പരാതിയിൽ പറയുന്നത്. 400 രൂപ വാങ്ങിയ ഓട്ടോക്കാരൻ അപമര്യാദയായി സംസാരിച്ചെന്നും ഒപ്പം മകൾ ഉണ്ടായിരുന്നതിനാൽ മറുപടി പറയാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു. 340 രൂപയുടെ ഓട്ടത്തിനാണ് 60 രൂപ അധികം ഈടാക്കിയത്.
സംഭവം നടന്ന നവംബർ 25ന് മന്ത്രിക്ക് നൽകിയ പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും പരാതിയുടെ കോപ്പി എറണാകുളം ആർ.ടി.ഒയ്ക്ക് കൈമാറുകയും ചെയ്തു . അധികമായി വാങ്ങിയ 60 രൂപ ഓട്ടോഡ്രൈവർ തിരികെ നൽകി. അമിതചാർജ് വാങ്ങിയതിനും മീറ്റർ പ്രവർത്തിപ്പിക്കാതിരുന്നതിനും 5500രൂപ ഓട്ടോ ഡ്രൈവർക്ക് പിഴയും ചുമത്തി.