പറവൂർ: സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ അയൽവാസി നികത്തിൽ സജീവിനെ (55) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. നന്ത്യാട്ടുകുന്നം നികത്തിൽ ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽനിന്നാണ് അഞ്ചുപവനോളം ആഭരണങ്ങൾ നഷ്ടപ്പെട്ടത്. ഉണ്ണിക്കൃഷ്ണനും ഭാര്യ കൈരളിയും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. തുറന്നിട്ടിരുന്ന പുറകിലെ വാതിലൂടെ അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇന്നലെ ഉണ്ണിക്കൃഷ്ണൻ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഭാര്യയുടെ പരാതിയിൽ പറവൂർ പൊലീസ് കേസെടുത്ത് മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റുചെയ്തു. കസ്റ്റഡിയിലെടുത്ത സജീവിനെ സ്വർണം വിറ്റ ജുവലറിയിൽ കൊണ്ടുപോയി തെളിവെടുത്തു. വഞ്ചി നിർമ്മാണ തൊഴിലാളിയായ സജീവ് പത്തുവർഷം മുമ്പാണ് നന്ത്യാട്ടുകുന്നത്ത് സ്ഥിരതാമസമാക്കിയത്.