കുറുപ്പംപടി: അമേസിംഗ്.... സ്‌കൂൾ കലോത്സവം എങ്ങനെ ഉണ്ടെന്ന ചോദ്യത്തിന് അല്പം അത്ഭുതത്തോടെയും ആഹ്ലാദത്തോടെയും ജൊവനാസിന്റെ മറുപടി. നിറ ചിരിയോടെയും ആശ്ചര്യത്തോടെയുമാണ് സ്വിറ്റ്സർലാൻഡിലെ സുഗ്ഗ് സ്വദേശികളായ ജൊവാനസും ഭാര്യ കത്രീനയും എം.ജി.എം സ്‌കൂളിലെ കലോത്സവ വേദിയിലേക്കെത്തിയത്.
നിറപ്പകിട്ടാർന്ന വേഷമണിഞ്ഞർ, പലവിധ വാദ്യോപകരണങ്ങൾ, പാട്ട്, നൃത്തം... ഒരുങ്ങി വന്ന നർത്തകിമാരുടെ ഭംഗിയെക്കുറിച്ചായി പിന്നെ വർണന. അക്കൂട്ടത്തിൽ യു.പി കുച്ചിപ്പുടി മത്സരത്തിന് അരങ്ങിലേക്ക് കയറാനായി ഒരുങ്ങി നിന്ന എൽ.എഫ്.എച്ച്.എസ് വടകരയിലെ അഭിമന്യ സുനിലിനൊപ്പം കിടിലനൊരു ഫോട്ടോയുമെടുത്തു ഇരുവരും.
നാടോടിനൃത്തക്കാരോടും ഇരുവരും വിവരങ്ങൾ തേടുന്നുണ്ടായിരുന്നു. പിന്നെ ഏറനേരം കലോത്സവ വേദിയിൽ തന്നെ ഉണ്ടായിരുന്നു ഇരുവരും. തൃശൂർ ആയുർവേദ ചികിത്സക്കായെത്തിയ ഇരുവരുടെയും മൂന്നാമത്തെ കേരള സന്ദർശനമാണിത്.