gothuruth

കുറുപ്പംപടി: നാടിനെയാകെ ഉത്സവത്തിമിർപ്പിൽ ആറാടിച്ച ജില്ലാ കലോത്സവത്തിന് ഇന്ന് കലാശക്കൊട്ട്. അവസാനദിനങ്ങൾ നാടാകെ ആഘോഷമാക്കുകയാണ്. ഇന്നലെ രാത്രി വൈകി നടന്ന സംഘനൃത്തത്തിന്റെ ഒന്നാംവേദി ജനപങ്കാളിത്തം കൊണ്ട് പൂരപ്പറമ്പായി. ഇന്ന് 9 വേദികളിൽ മാത്രമാണ് മത്സരം. സംഘനൃത്തം, മാർഗംകളി, വഞ്ചിപ്പാട്ട്, ബാൻഡ് മേളം, വൃന്ദവാദ്യം, അറബിക് നാടകം ഇനങ്ങളിൽ മത്സരമുണ്ട്. വൈകിട്ട് നാലിനാണ് സമാപനചടങ്ങുകൾ.

മത്സരം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കിരീടപ്പോരാട്ടത്തിൽ എറണാകുളം നേരിയ ലീഡുമായി മുന്നിലെത്തി. 816 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാർക്ക്. 790 പോയിന്റുമായി ആലുവ തൊട്ടുപിന്നിൽ. 732 പോയിന്റുമായി നോർത്ത് പറവൂർ മൂന്നാം സ്ഥാനത്ത്. 712 പോയിന്റുമായി ആതിഥേയരായ പെരുമ്പാവൂർ നാലാംസ്ഥാനത്തും 694 പോയിന്റുമായി മട്ടാഞ്ചേരി ഉപജില്ലയാണ് അഞ്ചാം സ്ഥാനത്തുമാണ്.

291 പോയിന്റുള്ള ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസാണ് സ്‌കൂളുകളിലെ കിരീട ജേതാവെന്നുറപ്പായി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസും (221), നിലവിലെ ചാമ്പ്യൻമാരായ എറണാകുളം സെന്റ് തെരേസാസും (218) തമ്മിലാണ് രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടം. നോർത്ത് പറവൂർ ശ്രീനാരായണ എച്ച്.എസ്.എസ് (193), എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് (191) ടീമുകളും ആദ്യ അഞ്ചിലുണ്ട്.

സംസ്‌കൃതോത്സവം ഹൈസ്‌കൂൾ വിഭാഗത്തിൽ ആലുവ ചാമ്പ്യൻമാരായി (93). നോർത്ത് പറവൂർ (90) രണ്ടാം സ്ഥാനക്കാരായി. പെരൂമ്പാവൂർ, തൃപ്പൂണിത്തുറ ഉപജില്ലകൾ 88 വീതം പോയിന്റുകൾ നേടി മൂന്നാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ നോർത്ത് പറവൂർ (88), അങ്കമാലി (84) ഉപജില്ലകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇരുവിഭാഗങ്ങളിലും ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസിനാണ് സ്‌കൂൾ കിരീടം. എച്ച്.എസിൽ 83 പോയിന്റ്, യുപിയിൽ 60 പോയിന്റ്.

അറബിക് കലോത്സവം യു.പി വിഭാഗത്തിൽ ആലുവ, മൂവാറ്റുപുഴ ഉപജില്ലകൾ 65 പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് സ്‌കൂൾ ചാമ്പ്യൻമാരായി (45 പോയിന്റ്). ഹൈസ്‌കൂൾ വിഭാഗത്തിൽ ഒരു ഇനം ബാക്കിയുണ്ട്. പെരുമ്പാവൂർ ഉപജില്ലയാണ് മുന്നിൽ (90), ഹിദായത്തുൽ ഇസ്ലാം എച്ച്എസ്എസ് സ്‌കൂൾ കിരീടം ഉറപ്പിച്ചു (78).