കൊച്ചി: കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട പൊതുജനാരോഗ്യ കേന്ദ്രമായ പള്ളുരുത്തി താലൂക്ക് ആശുപത്രി ഇനി ഹൈടെക്ക്. നിർമ്മാണം പൂർത്തിയായ ആശുപത്രിയുടെ ഉദ്ഘാടനം നാളെ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ പൊതുജനാരോഗ്യ സംവിധാനം ആധുനികവത്കരിക്കുന്നതിന് പ്രത്യേകം പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് ആശുപത്രി അത്യാധുനിക നിലവാരത്തിൽ പുനർനിർമ്മിച്ചത്. ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സി.എസ്.ആർ ഫണ്ടായ ഒരുകോടി രൂപ ചെലവഴിച്ചാണ് സമയബന്ധിതമായി രീതിയിൽ പദ്ധതി പൂർത്തിയാക്കിയത്. കൊച്ചി നഗരസഭയുടെ തന്നെ സ്ഥാപനമായ സെന്റർ ഫോർ ഹെറിറ്റേജ്, എൻവിയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് (സി-ഹെഡ്) ആണ് പദ്ധതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.
സൗകര്യങ്ങൾ നിരവധി
എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള പുതിയ ലാബ്
ആധുനിക രീതിയിൽ നവീകരിച്ച പുതിയ ഡയാലിസിസ് കൗച്ചുകൾ
ജനറേറ്റർ, യു.പി.എസ് അടക്കം ഉൾപ്പെടുത്തി സജ്ജീകരിച്ച ഡയാലിസിസ് ബ്ലോക്ക്
കമ്പ്യൂട്ടർ, സി.സി.ടി.വി അടങ്ങിയ ഐ.ടി ഇൻഫ്രസ്ട്രക്ചർ സൗകര്യം
രോഗികൾക്കും, സ്റ്റാഫിനും വേണ്ടി നവീകരിച്ച ടോയ്‌ലറ്റ് സൗകര്യം
ആധുനിക രീതിയിൽ സംവിധാനം ചെയ്ത ഫിസിയോതെറാപ്പി സെന്റർ
ആശുപത്രി വികസനവും മികച്ചത്
അഡ്വ. എം. സ്വരാജ് എം.എൽ.എ ആയിരുന്നപ്പോഴുള്ള ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2020-2021 കാലഘട്ടത്തിൽ 85 ലക്ഷം രൂപയ്ക്ക് ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിനുള്ള കെട്ടിടം നിർമ്മിച്ചു നൽകി.
2019-2020 ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ഡയാലിസിസ് മഷീൻ, ഓവർഹെഡ് ടേബിൾ, ആർ.ഒ.പ്ലാന്റ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങി.
നഗരസഭയുടെ ഹെൽത്ത് ഗ്രാന്റ് ഫണ്ട് 20 ലക്ഷം രൂപ ഉപയോഗിച്ച് ലാബിലേക്കുള്ള ഉപകരണങ്ങളും വാങ്ങിച്ചു.
സാധാരണക്കാർ ആശ്രയിക്കുന്ന പള്ളുരുത്തി ആശുപത്രിയിൽ ഇനി ചുരുങ്ങിയ ചിലവിൽ ഡയാലിസിസ് നടത്താം. അത്യാധുനിക നിലവാരത്തിലുള്ള സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്
എം. അനിൽകുമാർ
മേയർ