കൊച്ചി: ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥ നിലനിർത്താൻ മാദ്ധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് യൂണിയന്റെ മീഡിയ ഫോക്കസ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ ലോകത്തിലെ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണെന്നത് അഭിലഷണീയമല്ല. എങ്കിലും വെല്ലുവിളികളെ മറികടന്ന് സ്വതന്ത്രവും നിഷ്പക്ഷവുമായ മാദ്ധ്യമപ്രവർത്തനത്തിന് സുപ്രീംകോടതിയുടേയും കേരള ഹൈക്കോടതിയുടേയും വിധികൾ സഹായകമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ശക്തിധരൻ അദ്ധ്യക്ഷനായി. വി.വി. വേണുഗോപാൽ മോഡറ്റേറായിരുന്നു. കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് ആർ. ഗോപകുമാർ, ടെലിവിഷൻ ജേർണലിസ്റ്റ് അപർണ സെൻ, അഡ്വ. ടി.ബി. മിനി, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച്.എം. അഷറഫ്, രക്ഷാധികാരി പി.എ. അലക്‌സാണ്ടർ, സെക്രട്ടറി വി.ആർ. രാജമോഹൻ എന്നിവർ സംസാരിച്ചു.