മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പെരുമ്പിള്ളി സ്ഥാനാർത്ഥിമുക്കിൽ നിർമ്മാണം പൂർത്തീകരിച്ച രാജീവ്ഗാന്ധി ‘ടേക്ക് എ ബ്രേക്ക്’ വഴിയോരവിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യാത്തതിനാൽ തെരുവ് നായ്ക്കൾക്ക് താവളമായി. പതിനാലാംവാർഡിൽ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് നിർമ്മിച്ചത്.
മണ്ഡലകാലം ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള തീർത്ഥാടകർ സഞ്ചരിക്കുന്ന കോട്ടയം - തലയോലപ്പറമ്പ് -മുളന്തുരുത്തി പൊതുമരാമത്ത് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന വിശ്രമകേന്ദ്രം ഭക്തർക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു.
സമീപ പഞ്ചായത്തുകളിൽ ടേക്ക് എ ബ്രേക്ക് പദ്ധതി കുടുംബശ്രീ പ്രവർത്തകരെ ഏൽപ്പിക്കുമ്പോൾ മുളന്തുരുത്തി പഞ്ചായത്ത് ഇതിന്റെ മേൽനോട്ട ചുമതല സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിനുള്ള ആലോചനയുമായി മുന്നോട്ടുപോകുകയാണെന്നാണ് ആരോപണം.
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലേക്കുള്ള ഭക്തർക്കും മണ്ഡലകാലത്ത് അയ്യപ്പഭക്തന്മാർക്കും ഇൗ റൂട്ടിൽ നെടുമ്പാശേരി എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ആവശ്യത്തിന് ശൗചാലയസൗകര്യമില്ലാത്തത് ഒട്ടേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാസങ്ങൾക്കുമുൻപ് നിർമ്മാണം പൂർത്തീകരിച്ച ടേക്ക് എ ബ്രേക് കെട്ടിടം പ്രവർത്തിക്കാൻ ആവശ്യമായ വെള്ളത്തിന്റെ കുറവാണ് പദ്ധതി ഉദ്ഘാടനം ചെയ്യാത്തതിന് പ്രധാനകാരണമായി പറഞ്ഞിരുന്നത്. എന്നാൽ പദ്ധതിപ്രദേശത്ത് കുഴൽക്കിണർ നിർമ്മിച്ച് വെള്ളത്തിന്റെ പ്രശ്നം പരിഹരിച്ചുവെങ്കിലും കെട്ടിടം തുറക്കാനായില്ല.
ശബരിമല സീസൺ ആരംഭിക്കുന്നതിന് മുൻപ് ടേക് എ ബ്രേക് പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം നടത്തിയിരുന്നു. യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതി ഉടൻ തുറന്നുകൊടുക്കണം
ലിജോ ജോർജ്
പഞ്ചായത്ത് അംഗം
ടേക് എ ബ്രേക് പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കുടുംബശ്രീയെ ഏൽപ്പിച്ചു. ഒന്നാംനിലയിലെ ഇലക്ട്രിക് വർക്ക് സംബന്ധമായ ചില അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ ഉള്ളതിനാലാണ് നീണ്ടുപോകുന്നത്. ഉദ്ഘാടനം ഡിസംബർ അവസാനമോ ജനുവരി ആദ്യമോ നടത്തും
ജോർജ് മാണി,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
1 2022ൽ 1100 ചതുരശ്രഅടിയുള്ള കെട്ടിടംനിർമ്മിച്ചത് പെരുമ്പിള്ളി സ്ഥാനാർത്ഥിമുക്കിൽ
2 നിർമ്മാണം പൂർത്തിയായിട്ട് പത്തുവർഷം
3 ശുചിത്വമിഷൻ ഫണ്ടായ 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം
4 ഓരോരോ കാരണങ്ങൾ പറഞ്ഞ് ഉദ്ഘാടനം നീട്ടുന്നു
5 ഈ സീസണിൽ അയ്യപ്പൻമാർക്ക് പ്രയോജനപ്പെടുമായിരുന്നു