
തൊഴിൽ സാദ്ധ്യത ഉള്ളതിനാൽ കൂടുതൽ വിദ്യാർത്ഥികൾ വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാമിന് ചേരുന്നുണ്ട്. രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴിലവസരങ്ങളാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.
നീറ്റ് പരീക്ഷയുടെ റാങ്കിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളിലെ 85 ശതമാനം ബി.വി.എസ്‌സി & എ.എച്ച് സീറ്റുകൾക്ക് പ്രവേശനം നൽകുന്നത്. 15 ശതമാനം അഖിലേന്ത്യ സീറ്റുകൾക്ക് വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യയാണ് നീറ്റ് റാങ്കനുസരിച്ച് പ്രത്യേക കൗൺസലിംഗ് നടത്തുന്നത്.
യു.പിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീറ്റുകളിൽ 15 ശതമാനം വെറ്ററിനറി കൗൺസിലും ബാക്കി നീറ്റ് റാങ്ക് വഴിയും നേരിട്ട് നികത്തും. പ്രവേശനത്തിന് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതികളാണ്. പുതുച്ചേരിയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 10 സീറ്റുകളും, എൻ.ആർ.ഐ ക്വാട്ട സീറ്റുകളുമുണ്ട്. തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, പഞ്ചാബ് , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻ.ആർ.ഐ ക്വാട്ട നിലവിലുണ്ട്.
ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ആറോളം സ്വകാര്യ വെറ്ററിനറി കോളേജുകളുണ്ട്. സ്വകാര്യ വെറ്ററിനറി കോളേജുകളിൽ ചേരുന്നതിനുമുമ്പ് വെറ്ററിനറി കൗൺസിലിന്റെ അംഗീകാരമുണ്ടോയെന്ന് വിലയിരുത്തണം. വികസിത രാജ്യങ്ങളിൽ നിന്നൊഴികെയുള്ള വെറ്ററിനറി ബിരുദത്തിന് വെറ്ററിനറി കൗൺസിലിന്റെ അംഗീകാരമില്ലെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും മനസിലാക്കിയിരിക്കണം. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് പ്രാക്ടീസ് ചെയ്യാൻ സാധിക്കുകയില്ല. എന്നാൽ വികസിത രാജ്യങ്ങളിലെ ഡോക്ടർ ഒഫ് വെറ്ററിനറി മെഡിസിൻ (ഡി.വി.എം) പ്രോഗ്രാമിന് ഇന്ത്യയിൽ അംഗീകാരമുണ്ട്.
ഓർമിക്കാൻ...
1. സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്:- എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സ് പ്രവേശനത്തിനുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പട്ടികയിൽ ഉൾപ്പെട്ടവർ ഡിസംബർ രണ്ടിനകം ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം. വെബ്സൈറ്റ്: www.cee.kerala.gov.in.
2. മോളിക്യുളാർ വൈറോളജി കോഴ്സ്:- അസാപ് കേരള നടത്തുന്ന ഡിപ്ലോമ ഇൻ മോളിക്യുളാർ വൈറോളജി & അനലറ്റിക്കൽ ടെക്നിക് കോഴ്സിലേക്ക് ഡിസംബർ 8 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.asapkerala.gov.in. ഫോൺ: 9495999741.
ക്യാറ്റ് 2024 ഉത്തര സൂചിക
24ന് നടത്തിയ ക്യാറ്റ് 2024 പരീക്ഷയുടെ ഉത്തര സൂചിക iimcat.ac.inൽ.
ആയുർവേദ, ഹോമിയോ അപേക്ഷ
ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സുകളിൽ മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് പുതുതായി ഡിസംബർ ഒന്നുവരെ www.cee.kerala.gov.in ൽ അപേക്ഷ നൽകാം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ : 0471 2525300
ഫാർമസി കോഴ്സുകളിൽ
ഓപ്ഷൻ നൽകാം
സർക്കാർ, സ്വാശ്രയ കോളേജുകളിൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് www.lbscentre.kerala.gov.in ൽ ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചുവരെ കോളേജ്, കോഴ്സ് ഓപ്ഷൻ നൽകാം. ഫോൺ: 0471-2560363, 364.
ഡി.എൻ.ബി പ്രവേശനം
ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്), ഡി.എൻ.ബി (പോസ്റ്റ് ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.inൽ. അലോട്ട്മെന്റ് ലഭിച്ചവർ ഡിസംബർ 4ന് വൈകിട്ട് 4നകം പ്രവേശനം നേടണം.
ഹെൽപ്പ് ലൈൻ : 0471 2525300