ആനകളെ 3 മീറ്റർ ദൂരപരിധിയിൽ 2 നിരയിൽ നിറുത്തി

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് മുറതെറ്റാതെ 15 ആനകളുമായി ശീവേലി നടന്നു. കോടതി നിർദേശത്തെ തുടർന്ന് ഇക്കുറി ഉത്സവത്തിന് പതിനഞ്ചാനകൾ ഉണ്ടാകുമോ എന്ന ഭക്തജനങ്ങളുടെ ആശങ്ക ദൂരീകരിക്കുന്നതായിരുന്നു ഇന്നലെ രാവിലെ നടന്ന ശീവേലി.

ശീവേലിക്ക് ആനകളെ രണ്ടു നിരയാക്കി നിർത്തി ഹൈക്കോടതിയുടെ ആനകൾ തമ്മിൽ മൂന്നുമീറ്റർ ദൂരപരിധി നിർദേശം പാലിച്ചു. ആറ് ആനകളെ ആനപ്പന്തലിലും 9 ആനകളെ ഇതിന്റെ മുൻ നിരയിലും നിറുത്തി. തെക്കെ നടയിൽ എത്തിയപ്പോൾ 15 ആനകളെയും ദൂരപരിധി പാലിച്ച് ഒരുമിച്ച് നിർത്തി. രാവിലെ തന്നെ വനംവകുപ്പ് അധികൃതർ ക്ഷേത്രത്തിലെത്തി ആനപ്പന്തലിൽ ആനകളെ നിർത്താനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരുന്നു. ആനകളെ നിർത്തിയും അളവ് പരിശോധിച്ചു. വൈകിട്ടത്തെ എഴുന്നള്ളിപ്പിനും ഇതേ രീതി തന്നെയാണ് അവലംബിച്ചത്.