
കുറുപ്പംപടി: അപ്പീലോടെ അരങ്ങിലെത്തിയ അക്ഷരയ്ക്ക് ഓട്ടൻ തുള്ളലിൽ ഒന്നാം സ്ഥാനം. കൂത്താട്ടുകുളം മുത്തോലപുരം സെന്റ് പോൾസ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി അക്ഷര ശങ്കറാണ് സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയത്. രണ്ടു വർഷമായി ഓട്ടൻതുള്ളൽ അഭ്യസിക്കുന്ന അക്ഷര ഹൈസ്‌കൂൾ വിഭാഗത്തിൽ കിരാതം കഥ വേദിയിലെത്തിച്ചാണ് ഒന്നാമതെത്തിയത്.
സംസ്ഥാന കലോത്സവത്തിൽ ആദ്യമായി മത്സരിക്കുന്ന അക്ഷരയ്ക്ക് കഴിഞ്ഞ ദിവസം നാടോടിനൃത്തത്തിലും എ ഗ്രേഡുണ്ടായിരുന്നു. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ അച്ഛൻ ശങ്കരനാരായണനും അമ്മ രാജലക്ഷ്മിയും സഹോദരൻ അക്ഷയും അക്ഷരയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. ശ്രീവത്സം പ്രഭുൽ കുമാറാണ് ഗുരു.