തോപ്പുംപടി: ഹർബർ പാലം നവീകരണം ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതി ശക്തമാകുന്നു. പാലം അടച്ചിട്ട് ഇന്നേക്ക് 8 ദിവസം കഴിഞ്ഞുവെങ്കിലും ടാർ നീക്കം ചെയ്യുന്ന പണി 2 ദിവസം ചെയ്തതല്ലാതെ മറ്റു ടാറിംഗ് ജോലികളൊന്നും ഇതുവരെ നടന്നിട്ടില്ല. പാലം ഉള്ളപ്പോൾ പോലും രാവിലെയും വൈകിട്ടും വൻ തിരക്കാണ് തോപ്പുംപടിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്നത്. പാലം അടച്ചതോടെ വാഹനങ്ങളുടെ തിരക്ക് പലമടങ്ങ് വർദ്ധിച്ചു. രോഗികളുമായി പോകുന്ന ആംബുലൻസുകളടക്കം പലപ്പോഴും കുരുങ്ങിക്കിടക്കുകയാണ്. തോപ്പുംപടി ഭാഗം ഒഴിവാക്കി പകരം സമാന്തര റോഡുകളിലൂടെ ഗതാഗത സംവിധാനം ഒരുക്കണമെന്നും പാലത്തിലെ ടാറിംഗ് ഉടൻ പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
തിരക്കുള്ള സമയങ്ങളിൽ പാസഞ്ചർ വാഹനങ്ങൾ അല്ലാത്തവ പാലത്തിലൂടെ കടത്തി വിടുന്നത് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 30 ലക്ഷം രൂപ മുടക്കിയാണ് പൊതുമരാമത്ത് വകുപ്പ് പാലം നവീകരിക്കുന്നത്. ഇത് ടാറിംഗിന് പോലും തികയില്ലെന്നാണ് വിലയിരുത്തൽ. കൈവരികളുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ നടത്താൻ പണമില്ലാത്ത സ്ഥിതിയാണ്. എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
യുദ്ധകാലാടിസ്ഥാനത്തിൽ ജോലികൾ തീർത്ത് ഹാർബർ പാലം തുറന്ന് കൊടുക്കണം. അല്ലാത്തപക്ഷം കായലിൽ ജലശയനം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകും.
എ. ജലാൽ
സാമൂഹ്യ പ്രവർത്തകൻ