
കുറുപ്പംപടി: ഭരതനാട്യം, വീണ, തിരുവാതിര, വൃന്ദവാദ്യം പങ്കെടുത്ത ഇനങ്ങളല്ല, ഒന്നാമതെത്തിയ ഇനങ്ങളാണിതെല്ലാം...!
എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസിലെ 10-ാം ക്ലാസുകാരി പല്ലവിയാണ് താരം. 16കാരിയായ ഈ മിടുക്കി 10 വർഷത്തിലേറെയായി നൃത്തം അഭ്യസിക്കുന്നുണ്ട്. കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലെ മോഹിനിയാട്ടം ടീച്ചറായ അമ്മ അനുപമ മേനോൻ ആണ് മോഹിനിയാട്ടത്തിലെ ഗുരു. സബി നായരമ്പലം വൃന്ദവാദ്യത്തിലും ദേവി വാസുദേവൻ വീണയിലും ഗുരുക്കന്മാരാണ്.
പടയണി കലാകാരനും ശാസ്ത്രീയ സംഗീതഞ്ജനുമായ അച്ഛൻ നീലംപേരൂർ സുരേഷ് കുമാറാണ് പല്ലവിയുടെ റോൾ മോഡൽ. എട്ടാം ക്ലാസിൽ പഠിക്കുന്ന അനിയത്തി പവിത്ര സുരേഷും ഇത്തവണത്തെ കലോത്സവത്തിൽ ഒട്ടും മോശമാക്കിയില്ല. അഞ്ച് ഇനങ്ങളിലാണ് പവിത്ര എ ഗ്രേഡ് നേടിയത്. ക്ലാസിക്കൽ നർത്തകനും നൃത്ത സംവിധായകനുമായ പാർശ്വനാഥ് ഉപാദ്ധ്യായയെപ്പോലെ ആകണമെന്നാണ് പല്ലവിയുടെ ആഗ്രഹം. കലാക്ഷേത്ര അമൽനാഥാണ് മറ്റ് നൃത്തയിനങ്ങളിലെ പല്ലവിയുടെ ഗുരു.