കൊച്ചി: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറാനാകണമെന്നും മന്ത്രി ഒ.ആർ. കേളു പറഞ്ഞു. പട്ടികജാതി പട്ടികവർഗ വിഭാഗക്കാരായ എൻജിനിയറിംഗ്, പോളിടെക്‌നിക് ബിരുദധാരികൾക്കായി സംഘടിപ്പിച്ച ട്രേസ് തൊഴിൽമേള എറണാകുളം ഫോർഷോർ റോഡിലെ ട്രൈബൽ കോപ്ലക്‌സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ സംവിധാനത്തിലുള്ള ട്രേസ് പദ്ധതിയിലൂടെ രണ്ടുവർഷ പരിശീലനം പൂർത്തിയാക്കിയ അക്രഡിറ്റഡ് എൻജിനീയർമാർക്ക് സ്ഥിരം തൊഴിൽ നേടുന്നതിന് മേള അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേളയിൽ 238 പേരാണ് രജിസ്റ്റർ ചെയ്തത്.
ചടങ്ങിൽ 66-ാമത് സ്‌കൂൾ കായികമേളയിൽ ഫെൻസിംഗിന് വെങ്കല മെഡൽ കരസ്ഥമാക്കിയ സൂര്യ സിബു, എൽ.എൽ.ബിക്ക് കറുകടം ഹോസ്റ്റലിൽ നിന്ന് അഡ്മിഷൻ ലഭിച്ച ജെ. ജയേഷ്, നേര്യമംഗലം ഹോസ്റ്റലിൽ നിന്ന് അഡ്മിഷൻ ലഭിച്ച ജോമോൾ ബിനു എന്നിവരെ മന്ത്രി ആദരിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കെൽ, നിർമ്മിതി, എഫ്.ഐ.ടി, സിൽക്ക് തുടങ്ങി 25 പൊതമേഖലാ, സ്വകാര്യ സ്ഥാപനങ്ങളാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക്കാൻ മേളയിൽ എത്തിയത്. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. മേയർ എം. അനിൽകുമാർ മുഖ്യാതിഥിയായി, കൗൺസിലർ പദ്മജ എസ്. മേനോൻ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ശ്രീധന്യ സുരേഷ്, പട്ടിക വകുപ്പ് വികസന വകുപ്പ് അസി. ഡയറക്ടർ എസ്.എസ്. സുധീർ എന്നിവർ സംസാരിച്ചു.