തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് കൊടിയേറ്റി. ദീപാരാധനയ്ക്കുശേഷം ക്ഷേത്രത്തിലെ മുളയറയിൽ ഉത്സവത്തിന്റെ ഭാഗമായുള്ള മുളയിടൽ നടന്നു. തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ സ്വർണക്കൊടിമരച്ചുവട്ടിൽ പുണ്യാഹശുദ്ധി വരുത്തി പ്രത്യേക പൂജകൾക്കുശേഷം വർണകൊടിക്കൂറ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചു. വിശേഷാൽപൂജ നടത്തി ഗരുഡവാഹന ചൈതന്യത്തെ കൊടിക്കൂറയിലേയ്ക്ക് ആവാഹിച്ച് പൂജിച്ചു. തുടർന്ന് കൊടിയേറ്റി. രാവിലെ തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഭഗവാന് ബ്രഹ്മകലശം ആടി. ശീവേലിയും രാത്രി 15 ഗജവീരൻമാരോടൊപ്പം മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, പഞ്ചാരിമേളത്തോടു കൂടി വിളക്കിനെഴുന്നള്ളിപ്പും നടത്തി.