federal-bank
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എംവിഎസ് മൂർത്തി, ക്ലിയോ സ്‌പോർട്‌സ് ഡയറക്ടർ ബൈജു പോൾ എന്നിവർ ചേർന്ന് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2025 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നു

കൊച്ചി: ക്ലിയോ സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ മൂന്നാംപതിപ്പ് ഫെബ്രുവരി ഒമ്പതിന് മറൈൻഡ്രൈവിൽ നിന്നാരംഭിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തി, ക്ലിയോ സ്‌പോർട്‌സ് ഡയറക്ടർ ബൈജു പോൾ എന്നിവർ ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

മത്സരം നാലുവിഭാഗങ്ങളിൽ

1 42.195 കിലോമീറ്റർ മാരത്തൺ

2 21.097 കിലോമീറ്റർ ഹാഫ് മാരത്തൺ

3 10 കിലോമീറ്റർ റൺ

4 3 കിലോമീറ്റർ ഗ്രീൻ റൺ

ഭിന്നശേഷിക്കാർക്കായി പ്രത്യേക വിഭാഗവുമുണ്ട്. ഗ്രീൻ റണ്ണിൽ പങ്കെടുക്കുന്നവർക്ക് ക്ലീൻ, ഗ്രീൻ ആൻഡ് സേഫ് കൊച്ചി എന്ന പ്രമേയം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ സമർപ്പിക്കാം. മികച്ച എൻട്രികൾക്ക് സമ്മാനം ലഭിക്കും. www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

ഇന്ത്യൻ നെറ്റ്‌ബാൾ ടീം മുൻ ക്യാപ്ടൻ പ്രാചി തെഹ്ലാനെയാണ് ഗുഡ് വിൽ അംബാസിഡർ. ഒളിമ്പ്യൻ ആനന്ദ് മെനെസെസാണ് റെയ്‌സ് ഡയറക്ടർ

പതിനഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഫുൾ മാരത്തണിന്റെ ആദ്യ ബിബ് ഫെഡറൽ ബാങ്ക് സി.എം.ഒ എം.വി.എസ് മൂർത്തിയിൽനിന്ന് കോസ്റ്റൽ സെക്യൂരിറ്റി എ.ഐ.ജി പൂങ്കുഴലി ഏറ്റുവാങ്ങി. മൂന്ന് കിലോമീറ്റർ റണ്ണിന്റെ ആദ്യ ബിബ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും എം.വി.എസ് മൂർത്തിയും ചേർന്ന് സോഷ്യൽമീഡിയ ഇൻഫ്ളുവൻസർമാരായ ശരത് കൃഷ്ണൻ, ഗീതമ്മ എന്നിവർക്ക് കൈമാറി. ഒളിമ്പ്യന്മാരായ കെ.എം. ബിനു, എം.ഡി. വത്സമ്മ, മേഴ്‌സിക്കുട്ടൻ എന്നിവരെ ഒളിമ്പ്യനും ഫെഡറൽബാങ്ക് കൊച്ചി മാരത്തൺ റെയ്‌സ് ഡയറക്ടറുമായ ആനന്ദ് മെനെസെസ് ആദരിച്ചു. ഇന്ത്യൻ അത്‌ലറ്റിക് വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള, ഫെഡറൽബാങ്ക് എറണാകുളം സോണൽഹെഡ് റെഞ്ചി അലക്‌സ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ജി. സുരേഷ്‌കുമാർ, ഫെഡറൽബാങ്ക് വൈസ് പ്രസിഡന്റ് കെ.ജി. രാജേഷ്, പ്രതിധ്വനി ജോയിന്റ് സ്റ്റേറ്റ് കൺവീനർ ആഷിക് ശ്രീനിവാസൻ, ആസ്റ്റർ മെഡ്‌സിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. ജോൺസൺ കെ. വർഗീസ്, ക്ലിയോ സ്‌പോർട്‌സ് ഡയറക്ടർമാരായ അനീഷ് പോൾ, എം.ആർ.കെ ജയറാം, ശബരി നായർ എന്നിവർ സംസാരിച്ചു.