കൊച്ചി: വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ (വി.എഫ്.എഫ്) രണ്ടാം പതിപ്പ് ഡിസംബർ 1 മുതൽ 31വരെ ദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബർ മൂന്നിന് വൈകിട്ട് നാലിന് വല്ലാർപാടം ആൽഫ ഹൊറൈസണിൽ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡിസംബർ 13 വരെ വൈപ്പിൻ മത്സ്യവിഭവ രുചിമേള 'കിച്ചൺ ബന്ദ്', മധുരം മലയാളം കവിത്രയം പുനർജനിക്കുന്നു ക്വിസ് മത്സരം,​ ഡിസംബർ 9-14 വരെ സാമൂഹ്യ, സാംസ്കാരിക, പരിപോഷണ ഘട്ടങ്ങൾ സംബന്ധിച്ച സെമിനാറുകൾ. ഡിസംബർ 21-26 വരെ എം.എൽ.എ കപ്പ് ഫുട്‌ബാൾ ടൂർണമെന്റ് എന്നിവ നടക്കും. ഡിസംബർ 21- 23 തീയതികളിൽ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷ സമാപനം നടക്കും. വിദ്യാർത്ഥികൾക്കായി പ്രത്യേക പരിപാടികളും മത്സരങ്ങളും നടക്കും.
ഏകദേശം 500 പേർ ഉൾപ്പെടുന്ന പ്രശസ്തരും പ്രാദേശിക കലാകാരന്മാരും പങ്കെടുക്കും. എല്ലാ സ്കൂളുകളിലും ഡിജിറ്റൽ ലൈബ്രറി ആരംഭിക്കും. സംഘാടക സമിതി ചെയർമാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ജനറൽ കൺവീനർ കെ.എസ്. നിബിൻ, പ്രോജക്ട് കോ-ഓർഡിനേറ്റർ ബോണി തോമസ്, ഖജാൻജി സുനിൽ ഹരീന്ദ്രൻ, പ്ലാനറ്റ് എർത്ത് പ്രസിഡന്റ് മുജീബ് മുഹമ്മദ്, ഗ്രേറ്റർ കൊച്ചിൻ കൾച്ചറൽ ഫോറം പ്രസിഡന്റ് ഷൈൻ ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.