കൊച്ചി: തകർച്ചാഭീഷണി നേരിടുന്ന വൈറ്റിലയിലെ ചന്ദേർകുഞ്ച് ആർമി ടവറുകളിലെ റെസിഡന്റ് അസോസിയേഷനും നിർമ്മാതാക്കളായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനും (എ.ഡബ്ല്യു.എച്ച്.ഒ) തമ്മിലുള്ള മദ്ധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇരുകക്ഷികളും മൂന്നുപേർ വീതമുള്ള പാനലിനെ നിർദ്ദേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഹർജി ഡിസംബർ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് വീണ്ടും പരിഗണിക്കും. ജനുവരി ഒന്നുമുതൽ കെട്ടിടങ്ങളിൽനിന്ന് ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കണമെന്ന് എ.ഡബ്ല്യു.എച്ച്.ഒയ്ക്ക് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വാക്കാൽ നിർദ്ദേശം നൽകി.

2018ൽ വൈറ്റില സിൽവർ സാൻഡ് ഐലൻഡിൽ എ.ഡബ്ല്യു.എച്ച്.ഒ നിർമ്മിച്ച ടവറുകളാണ് മൂന്നുവർഷത്തിനുശേഷം അപകടാവസ്ഥയിലായത്. 29നില വീതമുള്ള ബി,സി ടവറുകൾ അറ്റകുറ്റപ്പണികൊണ്ട് നിലനിറുത്താനാവില്ലെന്നും ദുരന്തം ഉണ്ടാകാതിരിക്കാൻ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്) ശുപാർശ ചെയ്തിരുന്നു. ഈ ടവറുകൾ ഒഴിപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും മുനിസിപ്പിലാറ്റിയുടേത് ഉൾപ്പെടെ 11 പഠനസംഘങ്ങളും ശുപാർശ ചെയ്തിട്ടുണ്ട്. ഇരു ടവറുകളിലുമായി 208 ഫ്ളാറ്റുകളാണുള്ളത്.
86 കോടി മുടക്കി രണ്ടുവർഷംകൊണ്ട് കെട്ടിടങ്ങൾ നവീകരിക്കാനുള്ള എ.ഡബ്ല്യു.എച്ച്.ഒയുടെ പദ്ധതിക്കെതിരെ ഫ്ളാറ്റ് ഉടമകളിൽ ചിലർ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഐ.ഐ.എസിനെ കോടതി പഠനത്തിനായി നിയോഗിച്ചത്. കോൺക്രീറ്റ് അടർന്നും തൂണുകളുടെ കമ്പികൾ ദ്രവിച്ചും കെട്ടിടം തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.