കാക്കനാട്: നഗരസഭ സ്ഥിരംസമിതി യോഗത്തിൽ നിരന്തരം പങ്കെടുക്കാത്തതിനാൽ മുൻ അദ്ധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യയാക്കാൻ നടപടി തുടങ്ങി. നിലവിൽ തൃക്കാക്കര നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അംഗമാണ്. വിവരാകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ പരാതിയെ തുടർന്നാണ് നിയമനടപടി ആരംഭിച്ചത്.
അവധി അപേക്ഷയോ മറ്റു കാര്യങ്ങളോ ബോദ്ധ്യപ്പെടുത്താതെ തുടർച്ചയായി മൂന്നുമാസത്തെ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ പദവിയിൽ നിന്ന് അയോഗ്യയാക്കാമെന്ന നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറി നടപടി ആരംഭിച്ചത്. നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചക്കകം അയോഗ്യത നോട്ടീസ് നൽകുമെന്നാണ് സൂചന. തൃക്കാക്കര നഗരസഭ കെന്നടിമുക്ക് 43-ാം ഡിവിഷൻ കൗൺസിലറാണ് അജിതാ തങ്കപ്പൻ.