ആലുവ: വീട്ടുവേലക്കാരിയായ ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതിയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
പ്രതിയുടെ വാഹനത്തിൽ മടങ്ങിയതായി ജില്ലാ പൊലീസ് മേധാവിക്ക് ഗവ. അഭിഭാഷകൻ റിപ്പോർട്ട് നൽകി. ബാലിക മരിക്കുന്നസമയത്ത് ആലുവ സി.ഐയായിരുന്ന നിലവിൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായ പ്രഫുലചന്ദ്രനെതിരെയാണ് ഗവ. പ്ളീഡർ അഡ്വ. പി.ആർ. ജമുന എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് റിപ്പോർട്ട് നൽകിയത്.
അശോകപുരം ആനന്ദാശ്രമത്തിൽ അഡ്വ. ജോസ് കുര്യന്റെ വീട്ടിൽ വേലയ്ക്കുനിന്ന തമിഴ്നാട് കുറുപ്ളാംകുറിച്ചി സ്വദേശിനിയായ ആറാംക്ളാസുകാരി 2011 ഫെബ്രുവരി 24നാണ് ശാരീരിക പീഡനത്തിനിരയായി കോലഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ജോസ് കുര്യന്റെ ഭാര്യ സിന്ധു (48) ഒന്നാം പ്രതിയായും ജോസ് കുര്യൻ രണ്ടാം പ്രതിയായും ഏജന്റുമാരായ ബാലികയുടെ അമ്മാവൻ എന്നവകാശപ്പെടുന്ന തമിഴ്നാട് കുടലൂർ അൻപുമണി നഗറിൽ നാഗപ്പൻ (59), മുഖ്യ ഇടനിലക്കാരി ഇടപ്പള്ളി ചേരാനല്ലൂർ വലിയവീട്ടിൽ ഷൈല നാസർ (48) എന്നിവർ മൂന്നും നാലും പ്രതികളായാണ് പൊലീസ് കേസെടുത്തത്.
എറണാകുളം സെഷൻസ് കോടതിയിൽനിന്ന് കേസ് മൂവാറ്റുപുഴ പോക്സോ കോടതിയിലേക്ക് മാറ്റിയതിനെ തുടർന്ന് കഴിഞ്ഞ 14ന് നടന്ന വിചാരണക്കുശേഷം അന്വേഷണ ഉദ്യോഗസ്ഥനായ പ്രഫുലചന്ദ്രൻ രണ്ടാം പ്രതിയെത്തിയ കാറിലാണ് മടങ്ങിയതെന്നാണ് ഗവ. അഭിഭാഷകൻ ജില്ലാ പൊലീസ് മേധാവിയെ രേഖാമൂലം അറിയിച്ചത്. സ്പെഷ്യൽബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
കോളിളക്കം സൃഷ്ടിച്ച കേസ്
അശോകപുരത്ത് വീട്ടുവേലക്കുനിന്ന ബാലിക മരണമടഞ്ഞ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പീഡനത്തെത്തുടർന്ന് പതിനൊന്നുകാരിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായപ്പോൾ ആദ്യം ചികിത്സ നിർദ്ദേശിച്ചത് മൃഗഡോക്ടർ ആണെന്നും ആരോപണമുയർന്നു. ബാലികയുടെ ദേഹത്ത് തിളച്ച വെള്ളംവീണ് പൊള്ളലേറ്റെന്ന് പറഞ്ഞാണ് മൃഗഡോക്ടറെ സമീപിച്ചത്. പഴയ സഹപാഠിയെന്ന നിലയിൽ മൃഗഡോക്ടർ കുറിപ്പടി നൽകി. നാഗപ്പനിൽനിന്ന് 5,000 രൂപ നൽകി പെൺകുട്ടിയെ വാങ്ങിയ ഷൈല അഭിഭാഷകന് 15,000 രൂപയ്ക്ക് മറിച്ച് വിൽക്കുകയായിരുന്നു. പെൺകുട്ടിയുടെ മറ്റൊരു സഹോദരിയേയും ഷൈല വാങ്ങിയിരുന്നു. ഈ കുട്ടിയെ തൃശൂരിൽ ഷൈലയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.