padma
ജയേഷ്

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന്- കഞ്ചാവ് വേട്ട ശക്തമാക്കി പൊലീസ്. ഇന്നലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് കേസുകളിലായി യുവതിയടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കണ്ണൂർ കീഴല്ലൂർ എളാമ്പ്ര പുത്തൻപുരയിൽ വീട്ടിൽ ജയേഷ് (36), മരട് നെട്ടൂർ ചാത്തങ്കേരിപറമ്പ് വീട്ടിൽ ഷബീഖ് (36), പശ്ചിമബംഗാൾ മുർഷിദാബാദ് രാജ്പൂർ സ്വദേശി പിന്റു ഷേഖ് (31), കണ്ണൂർ പുളിക്കൽ ചെമ്പാനൽ വീട്ടിൽ ലിൻസ് ഐസക് (31), മട്ടാഞ്ചേരി ബി.എസ്.എസ് റോഡ് വലിയപറമ്പ് വീട്ടിൽ തസ്‌നി (26) എന്നിവരാണ് അറസ്റ്റിലായത്.

എം.ഡി.എം.എ വില്ക്കാനുള്ള ശ്രമത്തിനിടെ വൈറ്റില കണിയാമ്പുഴ റോഡിന് സമീപത്തിന് നിന്നാണ് ജയേഷ് മരട് പൊലീസിന്റെ പിടിയിലായത്. 1.53 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മരട് എസ്.ഐ വിനയ് വാസു, പൊലീസുകാരായ മനീഷ് ,വിശാൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. എം.ഡി.എം.എ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഷബീഖിനെ പനമ്പിള്ളി നഗറിൽ നിന്ന് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 7.61 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സൗത്ത് എസ്.ഐ റെജിമോൻ, പോലീസുകാരായ അഭിലാഷ് , നിതീഷ്, ലിജോ ഏലിയാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കഞ്ചാവ് വില്പനയ്ക്കായി എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചേരാനെല്ലൂർ റോഡിൽ നിന്ന് പശ്ചിമബംഗാൾ സ്വദേശി പിന്റു ഷേഖ് പിടിയിലായത്. ഇയാളിൽ നിന്ന് 2.052 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. 3.347 കിലോ ഗ്രാം കഞ്ചാവുമായാണ് യുവതിയും യുവാവും പിടിയിലായത്. പാലാരിവട്ടത്ത് വില്പന നടത്താനായിരുന്നു ഇവരുടെ നീക്കം. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെയെല്ലാം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.