pic

ആലുവ രണ്ടാം സ്ഥാനത്ത്

സ്‌കൂളുകളിൽ ആലുവ വിദ്യാധിരാജ


കുറുപ്പംപടി: നാല് ദിനരാത്രങ്ങൾ കുറുപ്പംപടിക്ക് കലയുടെ നിറച്ചാർത്തേകി റവന്യൂ ജില്ലാ കലോത്സവത്തിന് വർണ പകിട്ടോടെ സമാപനം. ഇഞ്ചോടിഞ്ച് പോരാട്ടം അവസാനിക്കുമ്പോൾ മൂന്നാം വട്ടവും എറണാകുളം ഉപജില്ല കലയുടെ കനകകിരീടം ചൂടി. ആലുവയെ വ്യക്തമായ ലീഡിന് പിന്നിലാക്കി 961 പോയിന്റമായാണ് എറണാകുളം നേടിയത്. 922 പോയിന്റുമായി ആലുവ റണ്ണേഴ്‌സ് അപ്പായി, പോയവർഷം അഞ്ചാം സ്ഥാനക്കാരായ നോർത്ത് പറവൂർ മൂന്നാം സ്ഥാനത്ത്. 849 പോയിന്റ്. മട്ടാഞ്ചേരി 808 പോയിന്റുമായി നാലാമതും പെരുമ്പാവൂർ 806 പോയിന്റോടെ അഞ്ചാമതുമെത്തി.

സ്‌കൂൾ വിഭാഗത്തിൽ 331 പോയിന്റോടെ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസ് ഒന്നാമതെത്തി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസിനെ ആറ് പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് നിലവിലെ ചാമ്പ്യൻമാരായ സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്.എസ് റണ്ണേഴ്സ് അപ്പായി. നോർത്ത് പറവൂർ ശ്രീനാരായണ എച്ച്.എസ്.എസ് 222 പോയിന്റോടെ നാലമതും വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ 211 പോയിന്റോടെ അഞ്ചാമതുമെത്തി.

മത്സരിക്കാൻ ഒരു ടീമും എത്താത്തതിനെ തുടർന്ന് ഹയർസെക്കൻഡറി വിഭാഗം ബാൻഡ്‌മേള മത്സരം റദ്ദാക്കി. വിധിനിർണയത്തിനെതിരെ അഞ്ച് ദിനങ്ങളിലായി എഴുപതിലേറെ അപ്പീലുകൾ ലഭിച്ചു. ഇതേചൊല്ലി ഇന്നലെയും പ്രോഗ്രാം കമ്മിറ്റി ഓഫീസിന് മുന്നിൽ സംഘർഷമുണ്ടായി.


അറബിക് കലോത്സവത്തിൽ എടവനക്കാട്

അറബി കലോത്സവത്തിൽ ഇരട്ട ചാമ്പ്യൻമാരായി എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂൾ. യു.പി വിഭാഗത്തിൽ 45 പോയിന്റോടെയും ഹൈസ്‌കൂൾ വിഭാഗത്തിൽ 78 പോയിന്റോടെയുമാണ് തുടർച്ചയായ രണ്ടാം വർഷവും ഇരട്ട ചാമ്പ്യൻമാരായത്. പോയവർഷത്തെ മൂന്നാം സ്ഥാനക്കാരായ ചെറുവട്ടൂർ ഗവ.മോഡൽ എച്ച്.എസ്.എസും, കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വി.എച്ച്.എസ്.എസും 51 പോയിന്റോടെ എച്ച്.എസ് വിഭാഗത്തിൽ റണ്ണേഴ്സ്അപ്പ് ആയി.

ഹൈസ്‌കൂൾ വിഭാഗത്തിൽ പെരുമ്പാവൂർ ഉപജില്ലയാണ് (95) ചാമ്പ്യൻമാർ. വൈപ്പിൻ, കോലഞ്ചേരി, ആലുവ ഉപജില്ലകൾ റണ്ണേഴ്‌സ് അപ്പായി (93). കോതമംഗലത്തിനാണ് മൂന്നാം സ്ഥാനം (84). യു.പി വിഭാഗത്തിൽ ആലുവ, മൂവാറ്റുപുഴ ഉപജില്ലകൾ 65 പോയിന്റുമായി ഒന്നാം സ്ഥാനംപങ്കിട്ടു.