ആലുവ: പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്ന തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദിഖ് ഷമീറിനെ(32) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. 27ന് ചാലക്കൽ മജുമഉ ജുമാ മസ്ജിദിന്റെ ഓഫീസ് മുറിയിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് അറസ്റ്റ്. സർവീസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞു പള്ളികളിലെത്തി ഇൻവെർട്ടർ ഇരിക്കുന്ന സ്ഥലം കണ്ടെത്തി മറ്റൊരു ദിവസം ആളില്ലാത്ത സമയം നോക്കി മോഷ്ടിക്കുകയാണ് രീതി. പുലർച്ചെ പള്ളികളിൽ പ്രാർത്ഥന നടക്കുന്ന സമയത്താണ് ഭൂരിഭാഗവും മോഷണവും. കോതമംഗലം, മൂവാറ്റുപുഴ, ഞാറയ്ക്കൽ, പന്തീരങ്കാവ്, ചടയമംഗലം, കടക്കൽ, വെഞ്ഞാറമൂട് തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ജൂലായിലാണ് ഒരു കേസിന്റെ ശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.