padma
റോബോട്ടിക് ഫയർ ഫൈറ്റർ ഉപയോഗിച്ച് പ്രതീകാത്മകമായി തീ നിയന്ത്രണവിധേയമാക്കുന്ന ഫയർഫോഴ്‌സ് ജീവനക്കാർ

കൊച്ചി: ഫയർഫോഴ്‌സിന് കരുത്തായി ജില്ലയിൽ ഇനി റോബോർട്ടിക് ഫയർ ഫൈറ്ററും. കാഴ്ചയിൽ കുഞ്ഞനെങ്കിലും തീ നിയന്ത്രണവിധേയമാക്കുന്നതിൽ കേമനായ റോബോട്ടിക് ഫയർ ഫൈറ്റർ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്‌തോടെ സേനയുടെ ഭാഗമായി. വലിയ തീപിടിത്തങ്ങൾ നേരിടാൻ അഗ്നിരക്ഷാസേനയ്ക്ക് സഹായകമാണ് ഈ യന്തിരൻ. രണ്ട് കോടിരൂപയാണ് വില. സർക്കാർ വകുപ്പുകൾക്ക് പർച്ചേസ് നടത്തുന്നതിനുള്ള സംവിധാനമായ ഗവൺമെന്റ് ഇ–മാർക്കറ്റ് പ്ലേസ് പോർട്ടലിലൂടെയാണ് റോബോട്ടിക് ഫയർഫൈറ്ററെ വാങ്ങിയത്. ഫ്രാൻസിലാണ് നിർമ്മാണം.

ഗോഡൗണുകളിൽ ഉണ്ടാകുന്ന തീപിടിത്തങ്ങൾ കൈകാര്യം ചെയ്യാൻ റോബോട്ടിനാകും. കനത്ത പുകയുള്ളപ്പോൾ പലപ്പോഴും ഗോഡൗണിനുള്ളിൽ കയറാൻ അഗ്‌നി രക്ഷാസേന ബുദ്ധിമുട്ടാറുണ്ട്. അത്തരം അവസരങ്ങളിൽ റോബോട്ടിനെ അകത്തുകയറ്റി തീപിടിത്തത്തിന്റെ വ്യാപ്തി അറിയാനാകും. അകത്ത് ആളുകൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ അതും കണ്ടെത്താം. റോബോട്ടിന്റെ മുന്നിൽ ഘടിപ്പിച്ച കാമറയിലൂടെ അകത്തെ ദൃശ്യങ്ങൾ പുറത്തിരുന്ന് വീക്ഷിക്കാം. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് നിയന്ത്രണം. യുദ്ധടാങ്കിന്റെ മാതൃകയിൽ റബർചക്രങ്ങളിലാണ് സഞ്ചാരം. 360 ഡിഗ്രിയിൽ കറങ്ങി വെള്ളം ചീറ്റി തീയണയ്ക്കാനുള്ള സംവിധാനവും ഇതിലുണ്ട്.