കൊച്ചി: വർദ്ധിച്ചുവരുന്ന സ്വർണക്കവർച്ചകൾ വ്യാപാരമേഖലയെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു.
പെരിന്തൽമണ്ണയിലും കൊടുവള്ളിയിലും ഒരാഴ്ചയ്ക്കിടെ രണ്ട് കവർച്ചയാണ് നടന്നത്. അഞ്ച് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട സ്വർണം പൂർണമായും തിരിച്ചുകിട്ടാറില്ല. പൊലീസ് വീണ്ടെടുത്ത സ്വർണം ഉടമയ്ക്ക് തിരികെ ലഭിക്കാൻ വലിയ കാലതാമസം നേരിടുന്നതിനാൽ കട തുറക്കാൻ കഴിയുന്നില്ല.
സ്വർണക്കടത്ത് കുറഞ്ഞതോടെ കാരിയർമാരായി പ്രവർത്തിച്ചവരാണ് കവർച്ചാ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്വർണാഭരണശാലകളിൽ പൊലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കണം. സ്വർണം വീടുകളിലേയ്ക്ക് രാത്രി കൊണ്ടുപോകരുതെന്നും സുരക്ഷിതമാർഗം ഒരുക്കണമെന്നും ഇൻഷ്വറൻസ് പരിരക്ഷ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.