കൊച്ചി: സർവവികസനവും പൂർണതയിലെത്താൻ കലയും ശാസ്ത്രവും കൂടിയേ തീരൂവെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. 27-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹൃദയത്വത്തോടെ കാര്യങ്ങൾ ചെയ്ത് മുന്നോട്ടുപോകാൻ കലാകാരന്മാർക്ക് സാധിക്കും. കല ഉൾക്കൊള്ളുന്നവർക്കും ആ സഹൃദയത്വം ഉണ്ടാകും. പുസ്തകോത്സവത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് മികച്ച എഴുത്തുകാർക്ക് എക്‌സലൻസി അവാർഡുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.എസ്. രവീന്ദ്രൻ അദ്ധ്യക്ഷനായി. പ്രൊഫ.എം.കെ സാനു മുഖ്യപ്രഭാഷണം നടത്തി.

പുസ്തകോത്സവത്തിന്റെ ബുള്ളറ്റിൻ മേയർ അഡ്വ. എം. അനിൽകുമാർ ടി.ജെ. വിനോദ് എം.എൽ.എയ്ക്ക് നൽകി പ്രകാശിപ്പിച്ചു. സി.വി. ആനന്ദബോസ് എക്‌സലൻസി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ചെണ്ടമേളം അവതരിപ്പിച്ച ഭാരതീയ വിദ്യാഭവലെ വിദ്യാർത്ഥികൾക്കും ബാൻഡ് വാദ്യം അവതരിപ്പിച്ച കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും മെമന്റോ നൽകി. തുടർന്ന് ഡോ.സി.വി. ആനന്ദബോസിന്റെ പുസ്തകങ്ങളുടെ ചർച്ച നടന്നു. ചർച്ചയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ ഡോ.എം.ആർ. തമ്പാൻ, വെച്ചൂച്ചിറ മധു, സുകുമാരൻ പെരിയച്ചൂർ എന്നിവർ പങ്കെടുത്തു. പുസ്തകോത്സലം ഡിസംബർ 8ന് സമാപിക്കും.