കോതമംഗലം: കുട്ടമ്പുഴയിൽ വഴി തെറ്റി വനത്തിലകപ്പെട്ട അമ്മമാരെ രക്ഷിക്കാൻ കോതമംഗലം അഗ്നിരക്ഷാസേന തരണം ചെയ്തത് നിരവധി പ്രതിസന്ധികൾ. വ്യാഴാഴ്ച വൈകിട്ട് നാട്ടുകാർ ഉൾപ്പെടെ പത്ത് പേർ വീതം അടങ്ങുന്ന പല ഗ്രൂപ്പുകളായി ഉൾക്കാട്ടിൽ കിലോമീറ്ററോളം സഞ്ചരിച്ചാണ്അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയത്. മുൾപ്പടർപ്പുകൾ, ഇഴജന്തുക്കൾ, കാട്ടുമൃഗങ്ങൾ, തോട്ടപ്പുഴു എന്നിവയുടെ ശല്യം കാര്യമായി ഉണ്ടായിട്ടും സംഘങ്ങൾ പിൻവാങ്ങിയില്ല. കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടപ്പോൾ മുനിയറയിലെ പാറപ്പുറത്ത് കയറി ഒരു സംഘം രക്ഷപ്പെട്ടു. രാവിലെ 3 മുതൽ 6 വരെ ഇവിടെ കഴിച്ചുകൂട്ടി. പിന്നീടാണ് ഇവർക്ക് വനത്തിലകപ്പെട്ടവർ കഴിഞ്ഞിരുന്ന പാറക്കെട്ടിന് സമീപം എത്താനായത്.

സ്റ്റേഷൻ ഓഫീസർ കെ.കെ. ബിനോയ്, ജി ആർ. അസി. സ്റ്റേഷൻ ഓഫീസർ എം. അനിൽ കുമാർ, സീനിയർ ഫയർ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ, ഫയർ ഓഫീസർമാരായ വി.എം. ഷാജി, സൽമാൻ ഖാൻ, അൻസിൽ, സായ് അനുരാജ്, ഹോം ഗാർഡ് സുധീഷ്, ബിനു സിവിൽ ഡിഫൻസ് അംഗം വിനോദ് നാരായണൻ എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കുട്ടമ്പുഴ പൊലീസും വനംവകുപ്പുദ്യോഗസ്ഥരും തിരച്ചിലിന് സഹായിച്ചു.

മാളു ഒപ്പിച്ച പണി

മാളികേക്കുടി മായയുടെ മാളു എന്ന കറവ പശുവിനെ തേടിയാണ് മായയും ഡാർളിയും പാറുക്കുട്ടിയും കാടുകയറിയത്. മായയുടെ ഭർത്താവ് ജയന്റെ അനാരോഗ്യം മൂലം മാളുവിന്റെ പാൽ വിറ്റാണ് കുടുംബം നിത്യചെലവുകൾ നടത്തുന്നത്. ബുധനാഴ്ച മേയാൻ പോയ മാളു പഴയ മരുന്നു തോട്ടത്തിൽ നിന്ന് പിറ്റേന്നും തിരിച്ചെത്താത്തതിനെ തുടർന്നാണ് പ്രദേശത്തെ കാടിനെ അടുത്തറിയാവുന്ന പാറുക്കുട്ടിയെയും ഡാർളിയെയും കൂട്ടി മായ കാട്ടിൽ തെരച്ചിലിനിറങ്ങിയത്. അയൽവാസികളാണ് മൂവരും. അതിനിടെ പശു വീട്ടിൽ തിരിച്ചെത്തിയ കാര്യം മകൾ മായയെ വിളിച്ചറിയിച്ചിരുന്നു. മടങ്ങും വഴി ആനക്കൂട്ടത്തിന് മുമ്പിൽപ്പെട്ടതാണ് പ്രശ്നമായത്. ഭയന്ന് പിന്തിരിഞ്ഞോടിയപ്പോൾ വഴിതെറ്റിയത് വിനയായി. സന്ധ്യയായതോടെ പരിഭ്രാന്തിയിലുമായി. ഒരു ദിവസത്തെ കാനന വാസം കഴിഞ്ഞ് മായ തിരിച്ച് വീട്ടിലെത്തിയപ്പോൾ കാര്യമൊന്നുമറിയാതെ ശാന്തയായി തൊഴുത്തിൽ നിൽക്കുകയായിരുന്നു മാളുപ്പശു.