a

കുട്ടികൾ കളിച്ചും രാഷ്ട്രീയപ്പാർട്ടികൾ കലഹിച്ചും വളരണമെന്നാണ് സൈദ്ധാന്തികന്മാർ പറയുന്നത്. കളികളിലൂടെ ബുദ്ധിയും ചിന്താശേഷിയും വർദ്ധിക്കുമെങ്കിൽ, തമ്മിലടിയിലൂടെ രാഷ്ട്രീയപ്പാർട്ടികളുടെ കരുത്തും സ്വാധീനവും വരുമാനവും ഡബിൾ സ്‌ട്രോംഗ് ആകുന്നു. പുതിയ ചുവടുകളും 'പൂച്ചട്ടികൊണ്ടുള്ള രക്ഷാപ്രവർത്തനവും" പഠിക്കാൻ ഇതു വളരെ നല്ലതാണ്. അടികിട്ടുന്ന ഏർപ്പാടുകൾക്ക് പഴയപോലെ യൂത്തന്മാരെ കിട്ടാത്തതിനാൽ സഖാക്കൾ സങ്കടത്തിലാണ്. യന്ത്രംപോലെ പ്രവർത്തിക്കേണ്ട വോളന്റിയർമാർ ഉണ്ടും ഉറങ്ങിയുമിരുന്നാൽ മസിലുകൾ തുരുമ്പിച്ചുപോകും. ഇതിന് ആർ.എസ്.എസ് മാതൃകയിൽ ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത് അതുകൊണ്ടാണ്. കൈയും കാലും അനങ്ങിയാലേ രക്തയോട്ടം ഉണ്ടാകൂ. രക്തയോട്ടം കൂടുമ്പോൾ കായികപരിപാടികൾ ഉഷാറാകും. കൊല്ലത്തെ പാർട്ടി സമ്മേളനത്തിനു മുന്നോടിയായി വിവിധയിടങ്ങളിൽ സഖാക്കൾ നടത്തുന്ന വെട്ടുതടയും, കാലുവാരൽ, ഇരുട്ടടി തുടങ്ങിയ കായിക പരിശീലന പരിപാടികളെ ചില കുബുദ്ധികൾ തെറ്റിദ്ധരിക്കുന്നു. എന്താണ് ഈ പാർട്ടിയെന്ന് ഇവർ ഇനിയും മനസിലാക്കിയിട്ടില്ല. പരിശീലനങ്ങളിൽ അപകടമുണ്ടാവുന്നത് സ്വാഭാവികമാണ്. ഓട്ടത്തിനിടെ കാലുളുക്കിയും ചാട്ടത്തിനിടെ നടുവുതല്ലിയും വീഴാറില്ലേ? എന്തിന്, വിമാനങ്ങൾവരെ തകർന്നുവീഴുന്നു.
സംഘർഷങ്ങളിലൂടെ വളരുന്നതാണ് സംഘടനയെന്ന് സഖാവ് ലെനിൻ എപ്പോഴോ പറഞ്ഞിട്ടുണ്ട്. പുറമേയുള്ള ശത്രുക്കളെ കിട്ടിയില്ലെങ്കിൽ പ്രസ്ഥാനത്തിനുള്ളിലെ കുലംകുത്തികൾക്കുനേരെ ചില പ്രയോഗങ്ങൾ നടത്താം. കളപറിക്കൽ പോലൊരു കലാപരിപാടി. സ്വയംനടത്തുന്ന ശുദ്ധീകരണപ്രക്രിയയിലൂടെ പുതിയ ദർശനങ്ങൾ ഉദയംകൊള്ളും. ഈ പ്രതിഭാസത്തിലൂടെ രൂപപ്പെടുന്ന മോഡേൺ അടവുകളും ചുവടുകളും പ്രസ്ഥാനത്തിന് കരുത്താകുമെങ്കിലും ചെറിയ ചില പ്രശ്‌നങ്ങൾ ഉണ്ടാവാം; കൂടെനിൽക്കുന്നവർക്കിട്ട് പ്രയോഗിക്കാനുള്ള ഉൾവിളി. സൈഡ് ഇഫക്ടായി കരുതിയാൽ മതി. മൂന്നാംതവണയും അധികാരത്തിൽ വരാൻ ജനം നിർബന്ധിക്കുമ്പോൾ, പ്രസ്ഥാനത്തിന് കൂടുതൽ വളരേണ്ടതുണ്ട്. അതിന്റെ പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. ഗഹനമായ ഈ വിഷയം മനസിലാവണമെങ്കിൽ കൃത്യമായി പാർട്ടി ക്ലാസുകളിൽ പങ്കെടുക്കണം. ഉഴപ്പന്മാർക്ക് ഒട്ടും പിടികിട്ടില്ല. കാലത്തിന്റെ മാറ്റം പ്രസ്ഥാനം ഉൾക്കൊള്ളണം. കലികാലത്ത് നിലനിൽക്കാൻ മേൽപ്പറഞ്ഞകാര്യങ്ങൾ അനിവാര്യമാണെന്ന് ഭാരതീയ പുരാണങ്ങളിലെ സഖാക്കളും ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.

അഴിമതി അഥവാ

നന്മയുടെ ഉപോത്പന്നം
അഴിമതി എന്ന നിർദോഷ പദത്തെ പലരും ദുർവ്യാഖ്യാനം ചെയ്ത് ഒരു പരുവമാക്കി. സുഗമമായി മുന്നോട്ടുപോകുന്ന ഒരു പ്രക്രിയയുടെ സ്വാഭാവികമായ ഉപോത്പന്നമാണ് അഴിമതിയെന്നത് ഇനിയും പലരും മനസിലാക്കിയിട്ടില്ല. പത്തുപേർക്ക് ഓരോ സുഖിയൻ വാങ്ങിക്കൊടുക്കുമ്പോൾ, വാങ്ങുന്നയാൾക്ക് കമ്മീഷനായി കടക്കാരൻ ഒരു ബോണ്ട കൊടുക്കുന്നത് നാട്ടുനടപ്പാണ്. ഏതുകാര്യമായാലും അങ്ങനെതന്നെ. ഇത്രയൊക്കെ സുതാര്യതയും ഉൾപ്പാർട്ടി ജനാധിപത്യവുമുള്ള ഒരു പാർട്ടിയിലെ ക്രിയാത്മക ചർച്ചകളെയും കായിക വിനോദങ്ങളെയും വിഭാഗീയതയെന്നുവിളിച്ച് അപമാനിക്കുകയാണ് ഫാസിസ്റ്റ് മാദ്ധ്യമങ്ങൾ. ആഗോള ഭീകരന്മാരായ ഫാസിസ്റ്റുകളെ നേരിടാൻ കേരളമെന്ന ചെറിയ യുദ്ധക്കളമേ പ്രസ്ഥാനത്തിനുള്ളൂ. കൊച്ചുകേരളത്തിൽ നിലയുറപ്പിച്ച് ലോകത്തോട് യുദ്ധം ചെയ്യുന്ന പ്രസ്ഥാനത്തെ ആരും കൊച്ചാക്കരുത്.

പൊലീസ് സ്റ്റേഷനുകളുടെ എണ്ണം കൂടിയാൽ കുറ്റകൃത്യം വർദ്ധിച്ചെന്നാണ് അർത്ഥമെന്നും കുറ്റകൃത്യങ്ങൾ കൂടുന്നത് സാമൂഹിക വ്യവസ്ഥയുടെ അപചയമാണെന്നുമൊക്കെ പ്രൊഫ. എം.എൻ. വിജയൻ പറഞ്ഞിട്ടുണ്ട്. വിജയൻ മാഷ് ആരാണെന്ന് പുതിയ തലമുറയ്ക്ക് അറിയാമെന്നു കരുതാനാവില്ലെങ്കിലും അദ്ദേഹം നല്ലൊരു അദ്ധ്യാപകനാണെന്ന് ചില പ്രമുഖർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ പുറത്താക്കിയെങ്കിലും മരണശേഷം തിരിച്ചെടുക്കാൻ ശ്രമിച്ചത് അതുകൊണ്ടാണ്. പുരയ്ക്കുമീതെ ചാഞ്ഞ മരം എന്ന് അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകമിറങ്ങിയത് അർത്ഥവത്തായിരുന്നു. വീടിനോട് ചേർന്നൊരു മരമുണ്ടെങ്കിൽ തണലും തണുപ്പുമുണ്ടാവും. ആ മരത്തിൽ ചേക്കേറുന്ന കിളികളുടെ പാട്ടുകേട്ട് ഉറങ്ങാൻ എന്തു സുഖായിരിക്കും. ഇതാണ് പാർട്ടി ഉദ്ദേശിച്ചത്. ഇതിനെ വളച്ചൊടിച്ച് കരിവാരിത്തേയ്ക്കാൻ ശ്രമിച്ചു. നന്മനിറഞ്ഞ നാട്ടുകാർ ഒന്നും വിശ്വസിച്ചില്ല. ഇത്തരം അപവാദ പ്രചാരണങ്ങളെ വാക്കുകൾകൊണ്ട് നേരിടാനാവില്ല. നല്ല ചൂരൽക്കഷായം വേണം. കിളിച്ചുണ്ടൻ മാവിൽ പടർന്നുകയറിയ ഇത്തിക്കണ്ണികൾ പോലെയാണ് പാർട്ടിയിലെ ചില വിമർശകർ. ഇവരെ വേണ്ടവിധം മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ആലപ്പുഴ ജില്ലയിലടക്കം പലരും അങ്ങനെ മന്ത്രിമാരായിട്ടുമുണ്ട്. ഏത് രീതിയിലായാലും തെറ്റുകൾ തിരുത്തുന്നതാണ് നമ്മുടെ ലൈൻ.

ഒരാൾ അങ്ങോട്ടുപോയാൽ രണ്ടുപേർ ഇങ്ങോട്ടുപോരുന്ന തലത്തിലേക്ക് കേരളത്തിലെ എല്ലാ പാർട്ടികളും വളർന്നുകഴിഞ്ഞു. കെ.ജി.പി പാളയത്തിൽനിന്ന് ഒരു വാര്യർ പോയപ്പോൾ തിരികെ കായംകുളത്തെ ഒരു 'ഏരിയ' മൊത്തം ഇങ്ങോട്ടുവന്ന സന്തോഷത്തിലാണ് സംഘികൾ. കൂടുതൽ നേതാക്കൾ വരാനുള്ള തയ്യാറെടുപ്പിലാണെന്ന് കെ.ജി.പിയിലെത്തിയ കായംകുളം ഏരിയ കമ്മിറ്റിയംഗം ബിപിൻ സി.ബാബു പറഞ്ഞെന്നാണ് സുരേന്ദ്രൻജിയുടെ വെളിപ്പെടുത്തൽ. കമ്പനി ഏതായാലും ജോലി ഒന്നുതന്നെയായതിനാൽ ആരും സങ്കടപ്പെടേണ്ടതില്ല.

മരുന്നുണ്ട്,​ സകല

സൂക്കേടിനും!
ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോകുന്ന പാർട്ടിയുടെ ശുഭ്രപ്രതിച്ഛായയിൽ ചെളിവരിയെറിയുന്നതിൽ വിദഗ്ദ്ധനാണ് ഗവർണർ ഖാൻ. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുംപോലെ സകലയിടത്തും പാരയായി ഈ കക്ഷിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല മനുഷ്യനാണെങ്കിലും ഗവർണർ അങ്ങനെയല്ല. കാലാവധി പൂർത്തിയാക്കി ഉടൻ സ്ഥലംവിടുമെന്നാണ് കരുതിയതെങ്കിലും പോകുന്ന ലക്ഷണമില്ല. ഈ സാഹചര്യത്തിൽ രാജ്ഭവനിലേക്ക് നവോത്ഥാനമതിൽ കെട്ടാനുള്ള ആലോചനയിലാണ് പാർട്ടി. ലീഗ് സഖാക്കൾ കൂടെയുണ്ടാവുമെന്ന് ഉറപ്പാണ്. സർവകലാശാലകളിലും കോളേജ് ക്യാമ്പസുകളിലും പ്രക്ഷോഭം ശക്തമാക്കും. പഠിപ്പുമുടക്കുകയും ജനാലകൾ തകർക്കുകയും പ്രിൻസിപ്പൽമാരുടെ കസേരകൾ കത്തിക്കുകയും ചെയ്യുന്ന ലളിതമാർഗങ്ങളാവും അവലംബിക്കുക. ഗവർണറെ പറപ്പിക്കാൻ ഇതല്ലാതൊരു മാർഗമില്ലാത്തതിനാൽ പ്രക്ഷോഭത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്ന് പാർട്ടി സെക്രട്ടറി ഗോവിന്ദൻമാഷ് പറഞ്ഞിട്ടുണ്ട്. അദ്ധ്യാപകരായാലും പ്രിൻസിപ്പൽമാരായാലും നല്ല അടികൊടുക്കണമെന്ന പക്ഷക്കാരനാണ് പഴയമാഷായ ഗോവിന്ദൻ സഖാവ്. സർവകലാശാലകളെ സംഘി പാഠശാലകളാക്കുള്ള ഗവർണറുടെ ശ്രമങ്ങൾ അനുവദിക്കില്ല.