
കൊച്ചി: തൊള്ളായിരത്തി എഴുപതുകളുടെ മദ്ധ്യത്തിൽ ഒ.വി.വിജയൻ പായിപ്ര രാധാകൃഷ്ണന് അയച്ചുകൊടുത്ത വിജയന്റെ സമാഹാരങ്ങളിൽ ഉൾപ്പെടാത്ത 'അക്ബർ ചക്രവർത്തി' എന്ന മിനികഥ എറണാകുളം അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ചുള്ള സാഹിത്യോത്സവത്തിൽ 4, 5 തീയതികളിൽ പ്രദർശിപ്പിക്കും. അക്ഷയപുസ്തകനിധിയും വീട്ടൂർ എബനേസർ എച്ച്.എസ്.എസും ചേർന്നൊരുക്കുന്ന പ്രദർശനം നാലിന് വൈകിട്ട് 4.30ന് സാഹിത്യക്കാരൻ പായിപ്ര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അടിയന്തരാവസ്ഥക്കുശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ പറയുന്ന ഒ.വി.വിജയന്റെ കത്തും, 'പരിണാമം' എന്ന നോവലിന് സാഹിത്യ അക്കാഡമി അവാർഡു പ്രഖ്യാപിച്ചതിനോട് പ്രതികരിച്ചുകൊണ്ടുള്ള എം.പി. നാരായണപിള്ള വിവാദമുണർത്തിയ കത്തും ശേഖരണത്തിലുണ്ട്. തകഴി, ബഷീർ, മാധവിക്കുട്ടി, വി.കെ.എൻ, എം.ടി, അക്കിത്തം, ഒ.എൻ.വി., എം.ഗോവിന്ദൻ, ആനന്ദ്, സ്കറിയ, എം.പി. മന്മഥൻ, സേതു, പത്മരാജൻ, പുനത്തിൽ തുടങ്ങിയ നൂറിലേറെ എഴുത്തുകാർ കൈപ്പടയിലെഴുതിയ കത്തുകളും പ്രദർശിപ്പിക്കും.
മനുഷ്യ നഖത്തിന്റെ അത്ര മാത്രം വലുപ്പമുള്ള ലോകത്തിലെ ഏറ്റവും ചെറിയ മലയാളപുസ്തകമായ രാസരസികയും പ്രദർശനത്തിലുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകമായി ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പുസ്തകം ആദ്യമായാണ് ഒരു സാഹിത്യോത്സവത്തിലെത്തുന്നതെന്ന പ്രത്യേകയുമുണ്ട്.
പ്രദർശനത്തിൽ
'അക്ബർ ചക്രവർത്തി' എന്ന മിനികഥ
നൂറിലേറെ എഴുത്തുകാരുടെ കൈപ്പടയിലെഴുതിയ കത്തുകളും
ഏറ്റവും ചെറിയ മലയാളപുസ്തകമായ രാസരസിക