padam
റെനീഷ് സ്വർണമെഡലുകളുമായി

കൊച്ചി: കഴിഞ്ഞ പതിനൊന്നു വർഷത്തിനിടെ ഫോർട്ടുകൊച്ചി സ്വദേശി റെനീഷിനെ സംസ്ഥാനത്താരും ഗോദയിൽ മലർത്തിയടിച്ചിട്ടില്ല! സംസ്ഥാന ഓപ്പൺ ഗുസ്തിയിൽ 80 കിലോ സീനിയർ വിഭാഗത്തിൽ തുടർച്ചയായി പതിനൊന്നാം തവണയും ചാമ്പ്യനായിരിക്കുകയാണ് റെനീഷ്. 120 കിലോ വരെ ഭാരമുള്ളവർ പങ്കെടുക്കുന്ന ഗാട്ടാ ഗുസ്തിയിൽ ഏഴുതവണ തുടർച്ചയായി ചാമ്പ്യനുമാണ്.

അർണോൾഡ് ഷ്വാർസെനഗറിനെ പോലെ 'മസിൽമാൻ" ആകണമെന്ന ആഗ്രഹത്തോടെ 14ാം വയസിൽ ജിമ്മിൽ ചേർന്ന റെനീഷിന്റെ ശരീരപ്രകൃതം ഗുസ്തിക്ക് പറ്റുന്നതാണെന്ന് ആശാൻ എം.എം. സലീം കണ്ടെത്തിയതോടെ ജീവിതം മാറി. പിന്നെ ഗോദയിലായി ജീവിതം. എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ 80 കിലോ കാറ്റഗറിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ദിവസം നാലു മണിക്കൂർ പരിശീലനം. 21ാം വയസിൽ ആദ്യ സ്വർണം. പിന്നെ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ തലകുനിച്ചത് സ്വർണ മെഡൽ അണിയാൻ മാത്രം.

ഗുസ്തിയിൽ 40 വയസുവരെ സീനിയർ കാറ്റഗറിയിൽ മത്സരിക്കാം. പലപ്പോഴും മുതിർന്നവരായിരിക്കും എതിരാളി. തുടക്കത്തിൽ സലീമിന്റെ കീഴിലായിരുന്നു പരിശീലനം. ഇപ്പോൾ സ്വയം പരിശീലനമാണ്.

ഈമാസം നടക്കുന്ന ഗാട്ടാ ഗുസ്തി ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിലാണ് റെനീഷ്. രണ്ടുവട്ടം സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി വെള്ളിമെഡൽ നേടിയ റെനീഷ് വെയ്റ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ് കേരളാ ചാമ്പ്യനുമായിട്ടുണ്ട്. ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പത്ത് തവണ കേരളത്തെ പ്രതിനിധീകരിച്ചെങ്കിലും സ്വർണം ലഭിച്ചില്ലെന്ന സങ്കടത്തിലാണ്.

മട്ടാഞ്ചേരി 3-140ൽ സുബൈറിന്റെയും റഹ്മത്തിന്റെയും മകനാണ്. ഭാര്യ: അമ്‌ന നസ്‌റിൻ.

 ആശാൻ റോൾ
ഫിറ്റ്നസ് ട്രെയ്‌നറായ റെനീഷ് രണ്ട് സ്ഥാപനങ്ങളിൽ ഗുസ്തി പരിശീലനവും നൽകുന്നുണ്ട്. ഇതാണ് കുടുംബത്തിന്റെ വരുമാനം. ജിമ്മിൽ പേഴ്‌സണൽ ട്രെയ്‌നിംഗ് നൽകുന്നവരും മത്സരങ്ങളിൽ പങ്കെടുക്കും മുമ്പ് 'ആശാന്' ദക്ഷിണ നൽകാറുണ്ട്.

 ഒരു ദിവസം ഭക്ഷണത്തിന് 1000 രൂപ

ദിവസവും 1000 രൂപയാണ് ഭക്ഷണത്തിന് നീക്കിവയ്ക്കുന്നത്.10 കോഴിമുട്ട, ഒരു ലിറ്റർ പാൽ, അരക്കിലോ ചിക്കൻ എന്നിങ്ങനെ നീളുന്ന മെനു. പലപ്പോഴും പോക്കറ്റ് കാലിയാകുമെന്ന് റെനീഷ് പറയുന്നു.

''ദേശീയതലത്തിൽ സ്വർണം നേടണമെന്നാണ് ആഗ്രഹം. ഹരിയാന,പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ താരങ്ങൾക്ക് ലഭിക്കുന്നത് മകിച്ചപരിശീലനമാണ്. തനിയെ പരിശീലിച്ച് അവരെ എളുപ്പം മലർത്തിയടിക്കാനാകില്ല.""
-റെനീഷ്