
കൊച്ചി: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങായ കുടുംബശ്രീയുടെ സ്നേഹിത പതിനൊന്നാം വർഷത്തിലേയ്ക്ക്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെയാണ് പരിപാടികൾ. പതിനായിരക്കണക്കിന് സ്ത്രീകൾക്കാണ് പദ്ധതി ആശ്വാസമായത്. 2013 ലാണ് പദ്ധതി ആരംഭിച്ചത്. എറണാകുളം മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ആരംഭിച്ച പദ്ധതി 2015ൽ പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. 2017ലാണ് പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചത്. പദ്ധതി ആരംഭിച്ചത് മുതൽ ഇത് വരെ ജില്ലയിൽ 9028 പേരാണ് സ്നേഹിതയെ സമീപിച്ചത്. ലിംഗപദവി അവബോധ പരിശീലനങ്ങൾ, ഉത്തരവാദിത്ത രക്ഷാകർതൃത്വം, പ്രീമാരിറ്റൽ, പോസ്റ്റ് മാരിറ്റൽ തുടങ്ങി നിരവധിയായ പരിശീലനങ്ങളും സ്‌നേഹിത നൽകിവരുന്നു.
കാക്കനാട് കുന്നുംപുറത്താണ് ഷെൽറ്റർ ഹോം. പീഡനം സഹിച്ചവരാണ് സ്‌നേഹിത ജെൻഡർ ഹെല്പ് ഡെസ്‌കിലേക്ക് വിളിക്കുന്നത്. പോക്‌സോ കേസുകൾ, ഫോണിലൂടെയുള്ള ശല്യപ്പെടുത്തൽ, സാമൂഹിക മാദ്ധ്യമങ്ങളിലെ ചതിക്കുഴി, മാനസിക സമ്മർദ്ദം, സാമ്പത്തിക വഞ്ചന എന്നിവയുമായി ബന്ധപ്പെട്ടും ഫോൺകോളുകളെത്തുന്നു.
കൂടുതൽ ഗാർഹിക പീഡനം
സ്നേഹിതയിലെത്തുന്ന പരാതികളിൽ ഏറെയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരതകൾ, മർദ്ദനം, സ്ത്രീധനത്തെ ചൊല്ലിയുള്ള വാക്കേറ്റം, സംശയങ്ങൾ എന്നിവയാണ് കൂടുതലും.
സ്നേഹിത
കുടുംബശ്രീ ജെൻഡർ ഹെല്പ് ഡെസ്‌ക് പദ്ധതിയാണ് സ്‌നേഹിത. 14 ജില്ലകളിലുമായി 28 കൗൺസലർമാരും 70 സർവീസ് പ്രോവൈഡേഴ്സുണ്ട്. രണ്ട് കൗൺസലർമാർ, രണ്ട് സെക്യൂരിറ്റി ഓഫീസർ, കെയർടേക്കർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പടെ 11 അംഗ സംഘമാണ് ഓരോ ജില്ലയിലും പ്രവർത്തിക്കുന്നത്. 24 മണിക്കൂറും സ്‌നേഹിതയുടെ സേവനം ലഭ്യമാണ്. ലിംഗനീതി ലക്ഷ്യമിട്ടുള്ള വിവിധ പഠനപ്രക്രിയകളും അവബോധ പ്രവർത്തനങ്ങളും സ്‌നേഹിത നടത്തുന്നുണ്ട്. ജെൻഡർ ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്. സേവനങ്ങൾക്ക്: 1800 4255 5678
ജില്ലയിൽ സ്നേഹിതയുടെ സഹായം തേടിയവർ
(2013- 2024)
സ്നേഹിതയെ സമീപിച്ചവർ- 9028
കൗൺസലിംഗ് നേടിയവർ- 1722
അന്തേവാസികളായവർ- 1178
ഗാർഹിക പീഡനങ്ങൾ- 2015
കുടുംബപ്രശ്നങ്ങൾ- 1130
മദ്യപാനം മൂലമുള്ള പ്രശ്നങ്ങൾ-922
സ്ത്രീകൾക്കെതിരായ പീഡനം- 254
കുട്ടികൾക്കെതിരായ പീഡനം- 298
കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ- 347
'സ്‌നേഹിത'യുടെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഇടപെടൽ നടത്തും. എക്സ്റ്റൻഷൻ സെന്ററുകൾ ആരംഭിക്കുന്നതിനും ലക്ഷ്യമിടുന്നു.
ടി.എം. റജീന
ജില്ലാ മിഷൻ കോഓർഡിനേറ്റർകുടുംബശ്രീ