mk-sanu

ആലുവ: ശ്രീനാരായണ ഗിരിയിലെ കുട്ടികളുടെ നിർമ്മല സ്നേഹത്തിൽ കണ്ഠമിടറി പ്രീയപ്പെട്ട സാനുമാമൻ. തോട്ടുമുഖം ശ്രീനാരായണ സേവിക സമാജം, ശ്രീനാരായണഗിരി ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിലാണ് പൂക്കളുമായി കുട്ടികളെത്തിയത്.

കുട്ടികൾ നൽകിയ സ്നേഹം തന്റെ ജീവിത തൃഷ്ണ വർദ്ധിപ്പിക്കുകയാണെന്നും എം.കെ. സാനു പറഞ്ഞു.

വാർദ്ധക്യം സുഖകരമാണെന്ന് പലരും എഴുതിയിട്ടുണ്ടെങ്കിലും അതത്ര സുഖകരമല്ലെന്ന് മറുപടി പ്രസംഗത്തിൽ സാനു മാസ്റ്റർ പറഞ്ഞു. 98 എന്ന പ്രായം ചെറിയ കാര്യമല്ല. വാർദ്ധക്യത്തിന്റെ ഉറങ്ങാത്ത അവസ്ഥ ഭീകരമാണ്. ചെറുപ്പത്തിൽ ലഭിക്കുന്ന സ്നേഹം കാര്യമാക്കില്ല, എന്നാൽ വാർദ്ധക്യത്തിലെ സ്നേഹം ഹൃദയത്തെ സ്പർശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാനു മാസ്റ്റർ പിറന്നാൾ കേക്ക് മുറിച്ചു. ചടങ്ങിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ചേർത്തല എൻ.എസ്.എസ് കോളേജ് മലയാള വിഭാഗം അദ്ധ്യാപിക ഡോ. എം.എൻ. അഥീന സമ്മേളനം ഉദ്ഘാടനം ചെയ്തു. സേവിക സമാജം വൈസ് പ്രസിഡന്റ് അഡ്വ. എസ്. കാർത്തിക അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യഅനുമോദന സന്ദേശം നൽകി. ലോകവിജ്ഞാനവും സാഹിത്യ വിജ്ഞാനവും മനസിലാക്കിയ സാഹിത്യകാരനാണ് എം.കെ. സാനുവെന്ന് ജസ്റ്റിസ് കെ. സുകുമാരൻ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ, ലൈബ്രറി കൗൺസിൽ കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ്, പഞ്ചായത്ത് അംഗം കെ.കെ. നാസി, ശ്രീനാരായണ ഗിരി സേവിക സമാജം സെക്രട്ടറി അഡ്വ. സീമന്തിനി ശ്രീവത്സൻ, ലൈബ്രറി സെക്രട്ടറി തനൂജ ഓമനക്കുട്ടൻ, ഉഷ പ്രഭാകരൻ എന്നിവർ സംസാരിച്ചു. കേരള ജ്യോതി പുരസ്‌കാരം നേടിയതിനും പ്രൊഫ. എം.കെ. സാനുവിനെ ആദരിച്ചു.