palam
കൈവരികളില്ലാതെ അപകടാവസ്ഥയിലായ വലമ്പൂർ പാലത്തിന് സമീപത്തെ വലമ്പൂർ - മാവിൻചുവട് റബർപാർക്ക് കനാൽ ബണ്ട് റോഡ്

കോലഞ്ചേരി: വലമ്പൂർ മാവിൻചുവട് റബർപാർക്ക് കനാൽ ബണ്ട് റോഡിൽ വലമ്പൂർ പാലത്തിന് സമീപം കൈവരികളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ അപകടം വിളിപ്പാടകലെ. തേക്കടി - എറണാകുളം റോഡിൽ നിന്ന് കയറുന്ന വളവിലാണ് പെരിയാർ വാലി കനാലിന് സമീപമുള്ള റോഡ് അപകടഭീഷണിയാകുന്നത്. വലിയ വാഹനങ്ങളും സ്കൂൾ ബസുകളുമടക്കം പ്രതിദിനം നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. കനാലിന്റെ വശത്ത് വലിയ മരങ്ങൾ വളർന്നും കാടു മൂടിയും കിടക്കുന്നതിനാൽ അപകടസാദ്ധ്യത ഇതുവരെയും ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾ കനാൽ ബണ്ടിലെ കാട് വെട്ടിതെളിച്ചതോടെയാണ് ഇവിടുത്തെ അപകടാവസ്ഥ വ്യക്തമായത്. താത്കാലികമായി പ്ളാസ്റ്റിക് ടേപ്പ് വലിച്ചുകെട്ടി നാട്ടുകാർ അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എതിർ ദിശയിൽ നിന്ന് ഒരു വാഹനം വന്നാൽ സൈഡ് കൊടുക്കുന്നതും ഏറെ അപകടകരമാണ്. ഈ പ്രദേശം പരിചിതമല്ലാത്ത ആളുകൾ വാഹനങ്ങളുമായി ഇതുവഴി പോകുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. ഇതേ അപകടസ്ഥലത്തിന് സമീപമുള്ള വലമ്പൂർ പാലമാകട്ടെ കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്. സമീപത്തെ നെല്ലാട് - കിഴക്കമ്പലം റോഡിന്റെ പുനർനിർമ്മാണം നടന്നു വരികയാണ്. ഇത് പൂർത്തിയാകുന്നതിന് മുമ്പ് വലമ്പൂർപാലം പൊളിച്ച് പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.