roshy
മഞ്ഞപ്രയിൽ നടന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ചാലക്കുടി ഇടതുകര കനാൽവെള്ളം തുറന്നു വിടുന്നത് നാലു ദിവസമായി ഉയർത്തുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷിഅഗസ്റ്റിൻ അറിയിച്ചു. തവളപ്പാറയിലെ നരിക്കുഴിച്ചിറ, കുടുംബാരോഗ്യ ഉപകേന്ദ്രം എന്നിവയുടെ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മഞ്ഞപ്രയിലെ കർഷകരും ചേർന്ന് നിവേദനം നൽകിയിരുന്നു. നിലവിൽ 15 ദിവസത്തിൽ രണ്ടു ദിവസം മാത്രമാണ് കനാൽ വെള്ളം മഞ്ഞപ്ര ഭാഗത്തേക്ക് തുറന്നു വിടുന്നത്. 50 ലക്ഷം രൂപ മുടക്കി പണി തീർക്കുന്ന നരിക്കുഴിച്ചിറ പൂർത്തീകരിക്കുമ്പോൾ ഈ പ്രദേശത്തെ 200 ഹെക്ടർ പാടശേഖരത്തിന് മൂന്നു പൂവ് നെൽകൃഷി ചെയ്യാൻ കഴിയും. നരിക്കുഴിയിച്ചിറക്കായി 50 ലക്ഷo രൂപയാണ് ചെലവഴിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി.

തവളപ്പാറ കുടുംബാരോഗ്യ ഉപകേന്ദ്രം നിർമ്മാണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് 55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്ര പരിസരത്ത് നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ,​ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ്, ലാലി ആന്റു, സൗമിനി ശശീന്ദ്രൻ, സി.വി. അശോക് കുമാർ, അൽഫോൻസ ഷാജൻ, ത്രേസ്യാമ്മ ജോർജ്, സരിത സുനിൽ ചാലാക്ക, വർഗീസ് ജോർജ്, മാർട്ടിൻ മുണ്ടാടൻ,​ ഐ.പി. ജേക്കബ്, ചെറിയാൻ തോമസ്, കെ.എം. കുര്യാക്കോസ്, അജി പുന്നേലിൽ, റെജി വാസു, പി.എം. പൗലോസ്, ജയ്സൺ വർഗീസ്, മാത്യൂസ് ജോർജ് ,ടി.പി. വേണു, ബിനോയി ഇടശേരി, സി. ശ്രീകുമാർ എന്നിവർ സന്നിഹിതരായി.