കൊച്ചി: തൃശൂർ നാട്ടികയിൽ നാടോടികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനവകുപ്പ് രാത്രികാല പരിശോധന കർശനമാക്കി. പെരുമ്പാവൂർ ജോയിന്റ് ആർ.ടി ഓഫീസിന് കീഴിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് നാലു കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. അമിതഭാരം കയറ്റിവരുന്ന ഹെവി വാഹനങ്ങളും അമിത പ്രകാശം പരത്തുന്ന വാഹനങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡ്രൈവർമാരുടെ ലൈസൻസ് പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. 24 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ ഓഫീസുകൾ ചേർന്ന് സംയുക്ത പരിശോധനയുമുണ്ട്. വരും ദിവസങ്ങളിലും രാത്രികാല പരിശോധന ശക്തമാക്കുമെന്ന് പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ അരവിന്ദൻ അറിയിച്ചു. പെരുമ്പാവൂർ മേഖലയിലെ പരിശോധനയ്ക്ക് എ.എം.വി.ഐമാരായ എസ്. ഷിബു, സി.എം. അബ്ബാസ്, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.