 
മൂവാറ്റുപുഴ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഡ്രീം ലാൻഡ് പാർക്കിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. നഗരാതിർത്തിയിലെ 22 സ്കൂളുകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മാലിന്യ നിർമാർജന പദ്ധതികളെ സംബന്ധിച്ചും ഭാവിയിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ ചർച്ച നടത്തി. ചർച്ചകൾക്കും റിപ്പോർട്ടിംഗിനുമായി കുട്ടികളുടെ പ്രത്യേക പാർലമെന്റ് ചേർന്നു. തുടർന്ന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ സെമിനാർ നടത്തി.
നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഹരിതസഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൾസലാം അദ്ധ്യക്ഷനായി. വൈസ് ചെയർപഴ്സൺ സിനി ബിജു, നഗരസഭാ സെക്രട്ടറി എച്ച്. സിമി, അജി മുണ്ടാട്ട്, നിസ അഷ്റഫ്, ജോസ് കുര്യാക്കോസ്, ക്ലീൻ സിറ്റി മാനേജർ നൗഷാദ്, വി.എ. ജാഫർ സാദിഖ്, അമൽ ബാബു, ജോളി മണ്ണൂർ, നേജില ഷാജി എന്നിവർ സംബന്ധിച്ചു.