
കൊച്ചി: ഭൂമി തരംമാറ്റിയ ഇനത്തിൽ ഫീസായി സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. ഇതിൽ 25 ശതമാനം നാലുമാസത്തിനകവും ശേഷിക്കുന്നത് ഒരു വർഷത്തിനകം മൂന്ന് ഗഡുക്കളായും കൈമാറണം.
ഇന്നു മുതൽ ലഭിക്കുന്ന ഫീസ് നേരിട്ട് ഈ ഫണ്ടിലേക്ക് മാറ്റണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഇത് ഏതെല്ലാം ഇനത്തിലാണ് വിനിയോഗിക്കേണ്ടതെന്ന് സർക്കാർ രണ്ട് മാസത്തിനകം തീരുമാനിച്ച് റവന്യൂ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. സ്റ്റേറ്റ് ഓഡിറ്റ് വിഭാഗം കാർഷിക അഭിവൃദ്ധി ഫണ്ട് വർഷംതോറും ഓഡിറ്റ് ചെയ്ത് കണക്കുകൾ പ്രസിദ്ധീകരിക്കണം. തൃശൂർ സ്വദേശി ടി.എൻ. മുകുന്ദന്റെ ഹർജിയിലാണ് ഉത്തരവ്.
2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ കാർഷിക അഭിവൃദ്ധി ഫണ്ട് വ്യവസ്ഥചെയ്തിട്ടുണ്ട്. ഈ ഫണ്ട് വയലുകളുടെ സംരക്ഷണത്തിനും നികത്തിയ പാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിനും മറ്റും വിനിയോഗിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതിൽ നിന്ന് നെൽകൃഷി പ്രോത്സാഹനത്തിന് തുക അനുവദിക്കുന്നില്ലെന്നാണ് ഹർജിക്കാരൻ വാദിച്ചത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം ലാൻഡ് റവന്യൂ കമ്മിഷണർ എ. കൗശിഗൻ ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
വാഹന വാടക 35 ലക്ഷം; വയൽ
തിരിച്ചുപിടിക്കാൻ 6 ലക്ഷം മാത്രം
ഭൂമി തരംമാറ്റിയതിന്റെ ഫീസായി കഴിഞ്ഞ ഒക്ടോബർ 18 വരെ 1510 കോടി രൂപ ശേഖരിച്ചതായി സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ, നികത്തിയ വയലുകൾ തിരിച്ചുപിടിക്കുകയെന്ന മുഖ്യലക്ഷ്യത്തിനായി ആറു ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങൾ വാടകയ്ക്കെടുക്കാനും കമ്പ്യൂട്ടറുകൾ വാങ്ങാനും 35 ലക്ഷം രൂപ ചെലവിട്ടു. നികത്തുഭൂമി തിരിച്ചുപിടിക്കാൻ നിയോഗിച്ച ജില്ലാ/താലൂക്ക് സ്ക്വാഡുകൾക്ക് വാഹനം ലഭ്യമാക്കാൻ ഒരു രൂപ പോലും നൽകിയില്ലെന്നും കോടതി വിമർശിച്ചു. ഈ സാഹചര്യത്തിലാണ് ഫണ്ട് കാർഷിക ആവശ്യത്തിന് തന്നെ വിനിയോഗിക്കാൻ കർശന നിർദ്ദേശം നൽകിയത്.
നമ്പർ പ്ലേറ്റ്: പ്ലാന്റ് സ്ഥാപിക്കാനുള്ള
സർക്കാർ ഉത്തരവ് റദ്ദാക്കി
കൊച്ചി: 2019 ഏപ്രിൽ ഒന്നിനു മുമ്പ് നിർമ്മിച്ച വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ലേറ്റിനായി പ്രത്യേക പ്ലാന്റ് സ്ഥാപിക്കാൻ ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഗതാഗത വകുപ്പ് ജൂലായ് 30ന് ഇറക്കിയ ഉത്തരവ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നടപ്പാക്കാതിരിക്കാനുള്ള സർക്കാർ തന്ത്രമാണെന്ന് ജസ്റ്റിസ് ദിനേശ്കുമാർ സിംഗ് വിമർശിച്ചു. അംഗീകാരമുള്ള നിർമ്മാതാക്കളിൽ നിന്നും ഡീലർമാരിൽ നിന്നും സുതാര്യമായ ടെൻഡർ വിളിച്ച് പദ്ധതി നടപ്പാക്കാനും നിർദ്ദേശിച്ചു. മലപ്പുറത്തെ ഓർബിസ് ഓട്ടോമോട്ടീവ്സ് അടക്കം നൽകിയ ഹർജികൾ തീർപ്പാക്കിയാണ് കോടതി ഉത്തരവ്. കേന്ദ്ര ഏജൻസികളുടെ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും നമ്പർ പ്ലേറ്റുകൾ നിർമ്മിക്കാനും ഘടിപ്പിച്ച് നൽകാനും സർക്കാർ അനവദിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ പരാതി. ഇതിനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി തള്ളി. സുതാര്യമായ ടെൻഡർ വിളിച്ച് ഉചിതമായ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും നിർദ്ദേശിച്ചു.