കൊച്ചി: പ്രകൃതിയെ അമ്മയായി കണ്ട് സ്‌നേഹിക്കുവാനും സേവിക്കുവാനും പഠിപ്പിച്ച മഹാത്മാവായിരുന്നു സുഗതകുമാരിയെന്ന് കേരള സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ.കെ. ശിവപ്രസാദ് പറഞ്ഞു. സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും സുഗതനവതി സദസും സംയുക്തമായി സംഘടിപ്പിച്ച സുഗതസമിതി സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോപിനാഥ് പനങ്ങാട് അദ്ധ്യക്ഷനായി. പരിസ്ഥിതി സമ്മേളനം ഫോറസ്റ്റ് മുൻ കൺസർവേറ്റർ സി. ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു. കുമ്മനം രാജശേഖരൻ അദ്ധ്യക്ഷനായി. വി. സുഭാഷ് ചന്ദ്രബോസ്, കവിയും സിനിമാപ്രവർത്തകനുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ, ശശി കളരിയേൽ, സുനിൽ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
സുഗതകുമാരിയുടെ കവിതകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ നൃത്തശിൽപം അവതരിപ്പിച്ചു. വനിതാസമ്മേളനം ആർ. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. കേരളഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതികാസുഭാഷ് അദ്ധ്യക്ഷയായി. എഴുത്തുകാരി ഗീതാബക്ഷി, ഡോ. ലക്ഷ്മി ശങ്കർ എന്നിവർ സംസാരിച്ചു. സാഹിത്യസമ്മേളനം നോവലിസ്റ്റ് ആനന്ദ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ശ്രീകുമാരി രാമചന്ദ്രൻ അദ്ധ്യക്ഷയായി. പന്ന്യൻ രവീന്ദ്രൻ, രാജീവ് ആലുങ്കൽ എന്നിവർ സംസാരിച്ചു.