mla
കുന്നത്തേരിയിൽ പൈപ്പ് ലൈൻ റോഡിന്റെ നവീകരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വാട്ടർ അതോറിട്ടിയും ജില്ലാ പഞ്ചായത്ത് അംഗങ്ങളും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് വർഷങ്ങളായി അറ്റകുറ്റപ്പണി മുടങ്ങി തകർന്നു കിടന്ന ആലുവ പൈപ്പ് ലൈൻ റോഡിന് ഒടുവിൽ ശാപമോക്ഷം. ആലുവ നിർമ്മല സ്കൂൾ മുതൽ കുന്നത്തേരി ഷാപ്പ് കവല വരെ ഒരു കോടി രൂപ ചെലവിൽ പൈപ്പ് ലൈൻ റോഡ് നവീകരിക്കുന്ന പ്രവൃത്തികൾ ഇന്നലെ ആരംഭിച്ചു.ആലുവയിൽ നിന്ന് എളുപ്പത്തിൽ കളമശേരി, മെഡിക്കൽ കോളേജ്, കാക്കനാട് ഭാഗങ്ങളിലേക്ക് പോകാൻ കഴിയുന്ന റോഡാണെങ്കിലും തകർന്ന് കിടക്കുന്നതിനാൽ വാഹന യാത്രക്കാർ ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു. ഓട്ടോറിക്ഷകൾ ഈ ഭാഗത്തേക്ക് ഓട്ടം വരാത്ത അവസ്ഥയുമായിരുന്നു.

ജില്ലാ പഞ്ചായത്ത് റോഡ് നവീകരണത്തിന് നേരത്തെ ഫണ്ട് അനുവദിച്ചെങ്കിലും ജില്ലാ പഞ്ചായത്തിലെ ഭരണ - പ്രതിപക്ഷ കൗൺസിലർമാരുടെ തർക്കം മൂലം പദ്ധതി നടന്നില്ല. സി.പി.ഐ പ്രതിനിധീകരിക്കുന്ന ഡിവിഷനിൽ കോൺഗ്രസ് അംഗം ഫണ്ട് അനുവദിച്ചെന്ന പേരിൽ രംഗത്തെത്തിയവരാണ് തർക്കത്തിന് തിരികൊളുത്തിയത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തെ പങ്കെടുപ്പിച്ച് നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും തർക്കം മുറുകിയതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായില്ല. ഇതിനിടയിൽ വാട്ടർ അതോറിട്ടിയുമായും ധാരണയിലെത്താൻ കഴിയാതെ വന്നപ്പോൾ അനവദിച്ച ഫണ്ട് വകമാറ്റി ചെലവഴിക്കേണ്ടി വന്നു.

വാട്ടർ അതോറിട്ടിയും വാക്ക് പാലിച്ചില്ല

വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള പൈപ്പുലൈൻ റോഡ് സഞ്ചാരയോഗ്യമാക്കണ മെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രിയോടും വകുപ്പിനോടും ചൂർണ്ണിക്കര പഞ്ചായത്തും, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. റോഡ് പുനരുദ്ധാരണം നടത്താമെന്ന് പലവട്ടം വാട്ടർ അതോറിറ്റി സമ്മതിച്ചെങ്കിലും വാക്ക് പാലിച്ചില്ല. വാട്ടർ അതോറിറ്റി ഫണ്ട് അനുവദിക്കാതിരുന്നതാണ് പദ്ധതി നീളാൻ കാരണമെന്ന് എം.എൽ.എ പറഞ്ഞു. ഈ സാഹചര്യത്തിലാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്.

നിർമ്മാണ ഉദ്ഘാടനം


പൈപ്പ് ലൈൻ റോഡിന്റെ നവീകരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, വാട്ടർ അതോറിറ്റി എക്‌സി.എൻജിനിയർ ബി. പ്രിയദർശനി, മുഹമ്മദ് ഷെഫീക്, റൂബി ജിജി, സതി ഗോപി, രാജേഷ് പുത്തനങ്ങാടി, കെ.കെ. ശിവാനന്ദൻ, രമണൻ ചേലാക്കുന്ന്, ലൈല അബ്ദുൾ ഖാദർ, പി.വി. വിനീഷ്, പി.എസ്. യൂസഫ്, ഷെമീർ ലാല, കെ.കെ. ജമാൽ, മനോഹരൻ തറയിൽ എന്നിവർ സംസാരിച്ചു.

അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത്

99.99 ലക്ഷം രൂപ